തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാനും ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത ക്ലാസ് മുറികൾ സൃഷ്ടിക്കാനും വിദ്യാഭ്യാസ വകുപ്പ്. പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചർച്ച ചെയ്ത റിപ്പോർട്ട് എസ്‌സിഇആർടി വെബ്സൈറ്റിൽ ലഭ്യമാക്കും. പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനുവരി 20 വരെ അറിയിക്കാം. നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വരുന്ന അധ്യയന വർഷം മാറ്റങ്ങൾ നടപ്പിലാക്കാനാണ് ശ്രമം. നേരത്തേ തന്നെ ഇക്കാര്യങ്ങളിൽ പഠനം നടത്താൻ എസ്‌സിഇആർടിക്ക് ചുമതല നൽകിയിരുന്നു.
വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുക. എല്ലാ കുട്ടികൾക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠനാന്തരീക്ഷം ഉറപ്പാക്കുക. ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തി ആരും പിന്നിലല്ല എന്ന ഉറപ്പ് നൽകുക എന്നിവയാണ് 'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത ക്ലാസ് മുറികളിലൂടെ നടപ്പാക്കുന്നത്.