കൊച്ചി: ശിരോവസ്ത്ര വിവാദത്തെ തുടർന്ന് രണ്ട് ദിവസം പൂട്ടിയിട്ട പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂൾ തുറന്നു. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനി ഇന്ന് സ്കൂളിലേക്ക് എത്തിയേക്കില്ല എന്നാണ് വിവരം. സംഭവത്തിൽ ഇന്ന് തന്നെ നിലപാട് വ്യക്തമാക്കണം എന്നാണ് സ്കൂൾ മാനേജ്മെൻ്റിന് വിദ്യാഭ്യാസ മന്ത്രി നൽകിയ നിർദേശം.
കുട്ടിയെ പഠിപ്പിക്കാം എന്ന് ഉറപ്പുകൊടുത്തിട്ടുണ്ട്, എന്നാൽ നിലപാടിൽ മാറ്റമില്ലെന്ന് പിടിഎ പ്രസിഡൻ്റ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ഇടപെട്ടത് പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണെന്നും, സ്കൂളുകളിൽ വർഗീയത കൊണ്ടുവരുന്നത് തടയാൻ ആണ് സർക്കാർ ശ്രമമെന്നും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.
കുട്ടികൾക്ക് എല്ലാതരം അവകാശങ്ങളും ഉണ്ടെന്നും അത് ചെറുതായാലും വലുതായാലും നിഷേധിക്കാൻ കഴിയില്ലെന്നുമാണ് വി. ശിവൻകുട്ടിയുടെ നിലപാട്. സ്കൂളിന് യൂണിഫോം കാര്യത്തിൽ തീരുമാനം കൈക്കൊള്ളാം. എന്നാൽ ഹിജാബ് ധരിക്കണം എന്ന ആവശ്യം മുന്നോട്ട് വച്ചാൽ അത് പരിഗണിക്കണം.
ഒത്തുതീർപ്പായെങ്കിൽ നല്ലതാണെന്നും കടുത്ത നടപടിയിലേക്ക് സർക്കാർ കടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രക്ഷിതാക്കൾക്ക് പരാതി ഇല്ലെങ്കിൽ പ്രശ്നം അവസാനിപ്പിക്കാം. ഒരു വിഭാഗം മാത്രം തങ്ങൾ പറയുന്നത് ശരിയെന്ന് കരുതരുത്. വിദ്യാർഥിക്ക് ശിരോവസ്ത്രം ധരിക്കണമെങ്കിൽ അത് അനുവദിക്കണമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
എന്നാൽ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ രൂക്ഷ വിമർശനമുന്നയിച്ചിരിക്കുകയാണ് സ്കൂൾ പിടിഎ പ്രസിഡൻ്റ് ജോഷി കൈതവളപ്പിൽ. ഇങ്ങനെയുള്ള വിഭാഗങ്ങളിലേക്ക് നല്ല മന്ത്രിമാരെ കൊടുക്കണ്ടേ എന്നായിരുന്നു രാവിലെ മാധ്യമങ്ങളോട് സംസാരിച്ച പിടിഎ പ്രസിഡൻ്റിൻ്റെ ചോദ്യം. ശുദ്ധിയുള്ള കൈകളിലേക്കായിരിക്കണ്ടേ കുട്ടികളെ നൽകേണ്ടത്? മത സ്വാതന്ത്രം ഞങ്ങൾ തടുക്കുന്നില്ല. എന്നാൽ ഹൈക്കോടതി ഉത്തരവ് തടുക്കാൻ മന്ത്രിക്ക് പറ്റുമോ എന്നും പിടിഎ പ്രസിഡൻ്റ് ചോദിച്ചു.
കുട്ടിയെ പഠിപ്പിക്കാം എന്ന് ഉറപ്പ് കൊടുത്തിട്ടുണ്ടെങ്കിലും ശിരോവസ്ത്രം ധരിക്കുന്നതിൽ സ്കൂൾ നിലപാടിൽ മാറ്റമില്ലെന്ന് പിടിഎ പ്രസിഡൻ്റ് തറപ്പിച്ച് പറയുന്നു. ഒരാൾക്കായി സ്കൂൾ നിയമങ്ങൾ മാറ്റില്ല. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച് ധാരണയിലെത്തിയിരുന്നു.
എന്നാൽ തൊട്ടുപിന്നാലെ അത് മാറി. ഓരോരുത്തരും ഓരോ നിയമങ്ങൾ കൊണ്ടുവന്നാൽ എങ്ങനെ ശരിയാകുമെന്നും പിടിഎ പ്രസിഡൻ്റ് ചോദിച്ചു. വിഷയം പരിഹരിക്കാനെത്തിയ ഹൈബി ഈഡൻ എംപി പിടിഎയോടോ മാനേജ്മെൻ്റിനോടോ സംസാരിച്ചിട്ടില്ലെന്നും ജോഷി കൈതവളപ്പിൽ കൂട്ടിച്ചേർത്തു.