കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയതായി പരാതി. സെർബിയയിൽ അയച്ച ശേഷം കൂലിപട്ടാളത്തിൽ ചേർക്കാൻ ശ്രമിച്ചതായാണ് ആരോപണം. പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്തു ആറ് ലക്ഷം രൂപ തട്ടിയെന്നും പരാതിയിൽ പറയുന്നു. ആംസ്റ്റർ ഇമിഗ്രെഷൻ ഓവർസീസ് എന്ന കമ്പനിക്ക് എതിരെ എറണാകുളം സ്വദേശിയാണ് ആണ് പരാതി നൽകിയത്.
നിരവധി കേസുകളിൽ പ്രതിയായ അനീഷ് മേനോനാണ് കമ്പനിയുടെ സ്ഥാപകൻ. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിക്കാരൻ പറയുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. അതേ സമയം വിദേശ ജോലി വാഗ്ദാനം ചെയ്ത് വൻ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയതിന് ആംസ്റ്റർ ഗ്രൂപ്പ് മേധാവി പാർവതി ആംസ്റ്റർ ഉൾപ്പെടെയുള്ളവർക്കെതിരെ 200-ലധികം പരാതികളാണ് വന്നിരിക്കുന്നത്. വിദേശ ജോലി, വിസ എന്നിവ വാഗ്ദാനം ചെയ്ത് പതിനായിരക്കണക്കിന് ആളുകളെ തട്ടിപ്പിനിരയാക്കിയെന്നാണ് ഗുരുതര ആരോപണം.
കമ്പനിക്കെതിരെ ദുബൈയിലും ഇന്ത്യയിലുമായി 200-ലധികം പരാതികൾ രജിസ്റ്റർ ചെയ്തതായി സ്ഥിരീകരിച്ചു.യൂറോപ്പ്, ജർമനി, ഓസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി, വേഗത്തിലുള്ള വിസ പ്രോസസിംഗ്, സുരക്ഷിത തൊഴിൽ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് തട്ടിപ്പുകളിൽ ഒന്നാണ് ഇതെന്ന് പരാതിക്കാർ ആരോപിക്കുന്നു. കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലന്വേഷികളാണ് പ്രധാനമായും തട്ടിപ്പിനിരയായിരിക്കുന്നത്.
വിദേശ ജോലിസ്വപ്നം കണ്ട നിരവധി യുവാക്കളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടത്തിയത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് അൺസ്കിൽഡ് തൊഴിലാളികൾക്ക് ജോലി വാഗ്ദാനം ചെയ്ത് ഓരോ വ്യക്തിയിലും നിന്നും ലക്ഷക്കണക്കിന് രൂപ ആംസ്റ്റർ ഗ്രൂപ്പുമായി ബന്ധപ്പെട്ടവർ കൈപ്പറ്റിയിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.
പണം വാങ്ങിയ ശേഷം,“വിസ ഉടൻ ശരിയാകും”, “വിസ പ്രോസസിംഗ് പുരോഗമിക്കുകയാണ്” എന്നെല്ലാം കാരണങ്ങൾ പറഞ്ഞ് മാസങ്ങളോളം സമയം നീട്ടുകയായിരുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം. തട്ടിപ്പിന് കൂടുതൽ വിശ്വാസ്യത നൽകുന്നതിനായി വ്യാജ ഓഫർ ലെറ്ററുകൾ തയ്യാറാക്കി നൽകി ആളുകളെ വിശ്വസിപ്പിച്ചു. തുടർന്ന് ആദ്യം പറഞ്ഞ രാജ്യത്ത് ശരിയായില്ല, മറ്റൊരു രാജ്യത്തേക്ക് നോക്കാം എന്നു പറഞ്ഞ് പിന്നെയും കബളിപ്പിച്ചുവെന്ന് പരാതിക്കാർ പറയുന്നു.