എംഎസ്‌സി എല്‍സ കപ്പൽ അപകടം; 1227.62 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി

ബാങ്ക് ഗ്യാരൻ്റിയുടെ അടിസ്ഥാനത്തിലാണ് തുക കെട്ടിവച്ചത്.
msc elsa 3
Published on
Updated on

കൊച്ചി: എംഎസ്‌സി എൽസ കപ്പൽ അപകടത്തിൽ ബാങ്ക് ഗ്യാരൻ്റിയായ 1227.62 കോടി രൂപ കെട്ടിവച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി. ഹൈക്കോടതിയിലാണ് കമ്പനി തുക കെട്ടിവച്ചത്. കോടതി വിധി അനുകൂലമായാല്‍ പലിശ തുകയും സംസ്ഥാനത്തിന് ലഭിക്കും. ഇതേ തുടർന്ന് സംസ്ഥാനത്തിന്‍റെ കസ്റ്റഡിയിൽ വച്ചിരുന്ന എംഎസ് സി അകിറ്റേറ്റ – 2 കപ്പൽ വിട്ടയച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ അഡ്മിറാലിറ്റി സ്യൂട്ടിലാണ് നടപടി.

അപകടത്തെ തുടർന്ന് 9531 കോടി രൂപയുടെ നഷ്ട പരിഹാരം സർക്കാർ ആവശ്യപ്പെട്ടിരുന്നു. കപ്പലിൽ നിന്ന് എണ്ണ ചോരുകയും രാസവസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് പണം കെട്ടിവെക്കാൻ കോടതി ഉത്തരവിട്ടിരുന്നത്. സർക്കാർ ഹർജിയെ തുടർന്ന്​ കേരള തീരത്തുണ്ടായിരുന്ന എംഎസ്‌സിയുടെ മറ്റൊരു കപ്പൽ അറസ്റ്റ്​ ചെയ്തിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് ​എംഎസ് സി അകിറ്റേറ്റ– 2 പിടിച്ചിട്ടത്.

മെയ് 25നാണ് എംഎസ്‌സി എൽസ-3 കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 61 കണ്ടൈയ്നറുകളും അതിൻ്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തീരത്തടിഞ്ഞ 59.6 മെട്രിക് ടണ്‍ മാലിന്യം നീക്കം ചെയ്തത്.

msc elsa 3
"ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല"; ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

എൽസ 3 കപ്പൽ അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചായിരുന്നു സർക്കാർ അത്തരത്തിലൊരു നീക്കം നടത്തിയത്. പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും നാശം ഉണ്ടാക്കിയെന്നാണ് സംഭവവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ പറയുന്നത്.

ചരക്കുകപ്പലിൽ നിന്നുള്ള ഇന്ധനച്ചോർച്ചയെ തുടർന്ന് പ്രദേശത്ത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടായെന്ന് സിഎംഎൽആർഇയുടെ പഠനം പുറത്തുവന്നിരുന്നു. മീനുകളുടെ ഭക്ഷണത്തിൽ ഇന്ധന സാന്നിധ്യം കണ്ടെത്തി. കപ്പലിലെ ഇന്ധനം സൂക്ഷ്മ ജീവികളുടെ ഉള്ളിൽ പ്രവേശിച്ചെന്നും പഠനത്തിൽ പറയുന്നു.

msc elsa 3
കേരളത്തിൽ അഞ്ച് ജില്ലകൾക്ക് കൂടി സാധ്യത; ചർച്ചകൾ നടക്കട്ടെയെന്ന് വി.ടി. ബൽറാം

കപ്പലിലെ ഇന്ധനം വെള്ളത്തിൽ പടർന്നതോടെ, കപ്പൽ മുങ്ങിയ ഭാഗത്തെ പല സൂക്ഷ്മ ജീവികളും അപ്രത്യക്ഷമായി. മത്സ്യങ്ങൾ ഭക്ഷിക്കുന്ന സുപ്ലാങ്ക്ടൺ എന്ന ജീവികളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സമീപപ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച മീൻമുട്ടകളും മീൻകുഞ്ഞുങ്ങളും നശിച്ച നിലയിലായിരുന്നു. നാഫ്തലിൻ അടക്കമുള്ള ഹൈഡ്രോകാർബണുകളുടേയും സാന്നിധ്യം സ്ഥിരീകരിച്ചു. രാസവസ്തുക്കൾ മത്സ്യങ്ങൾ വഴി മനുഷ്യരിലേക്കും എത്തുമെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com