തൃശൂർ: തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത വടക്കാഞ്ചേരി കോഴ വിവാദത്തിൽ വെളിപ്പെടുത്തലുമായി ഇ.യു. ജാഫറിൻ്റെ സുഹൃത്ത് മുസ്തഫ. ലീഗ് സ്വതന്ത്രനായ ജാഫർ സംസാരിച്ച കാര്യങ്ങളാണ് തെരഞ്ഞെടുപ്പിൽ നടപ്പാക്കിയതെന്നും, ഫോൺ സംഭാഷണത്തിൽ പറഞ്ഞെതെല്ലാം നടന്നെന്നും മുസ്തഫ വ്യക്തമാക്കി. തെളിവുകൾ ഉടൻ പുറത്തു വിടുമെന്നും മുസ്തഫ ചൂണ്ടിക്കാട്ടി.
യുഡിഎഫുമായി ഒരു പ്രശ്നവുമില്ലാത്ത ജാഫർ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് മനസിലാകുന്നില്ലെന്നും പണം വാങ്ങിയതിൻ്റെ തെളിവുകൾ പുറത്തുവരുമെന്നും മുസ്തഫ ന്യൂസ് മലയാളത്തോട് പറഞ്ഞു. പുറത്തുവന്ന ശബ്ദരേഖയിൽ ജാഫറിനോട് സംസാരിക്കുന്ന സുഹൃത്താണ് മുസ്തഫ.
കോഴ വിവാദത്തിൽ ജാഫർ ബന്ധപ്പെട്ടവരുടെ മുഴുവൻ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് വള്ളത്തോൾ നഗർ ബ്ലോക്ക് പ്രസിഡൻ്റ് പി.ഐ. ഷാനവാസും വ്യക്തമാക്കി. കൊടുക്കൽ വാങ്ങലിനും മറ്റ് സംവിധാനങ്ങൾക്കും തെളിവുകളുണ്ടെന്ന് ഷാനവാസ് പറഞ്ഞു.
കോൺഗ്രസോ ലീഗോ യുഡിഎഫോ ജാഫറിനെ അവിശ്വസിച്ചിരുന്നില്ല, അവസാന നിമിഷം വരെ ജാഫറിനെ വിശ്വാസമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രേഖാമൂലം തന്നെ പിന്താങ്ങിയ ആൾ ചതിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഷാനവാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
സിപിഐഎം സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ജാഫറിന് 50 ലക്ഷം രൂപയുടെ ഓഫർ ലഭിച്ചത് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ കോഴ ആരോപണം ജാഫർ നിഷേധിച്ചു. ആരുടെയെങ്കിലും കയ്യിൽ നിന്ന് ഒരു രൂപ വാങ്ങിച്ചെന്ന് തെളിയിച്ചാൽ, അവർ പറയുന്ന ജോലി ചെയ്യുമെന്നും ജാഫർ പറഞ്ഞിരുന്നു.