തൃശൂർ: വടക്കാഞ്ചേരിയിൽ ബ്ലോക്ക് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ കോഴ വാഗ്ദാന പരാതിയിൽ ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറിൻ്റെ മുൻ പ്രതികരണം പുറത്ത്. താൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് ഒരു രൂപ വാങ്ങിച്ചെന്ന് തെളിയിച്ചാൽ, നിങ്ങൾ പറയുന്ന ജോലി ഞാൻ ചെയ്യുമെന്നായിരുന്നു ജാഫറിൻ്റെ പ്രതികരണം. പാർട്ടി പ്രവർത്തകരോടും യുഡിഎഫ് പ്രവർത്തകരോടും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം കിട്ടാനുള്ള സാഹചര്യം നഷ്ടപ്പെടാൻ ഇടയായതിൽ തൻ്റെ ഭാഗത്തെ തെറ്റുകൊണ്ടാണ് എന്നാണ് ജാഫർ പറഞ്ഞത്.
തനിക്ക് 25 ലക്ഷം രൂപ തന്നു സർക്കാർ ജോലി വാഗ്ദാനം ചെയ്തു എന്നെല്ലാം സോഷ്യൽ മീഡിയയിൽ പലതും പറയുന്നുണ്ട്. സിപിഐഎമ്മുകാരുമായി താൻ ചർച്ച നടത്തിയെന്നും പറയുന്നതിന് തെളിവ് നൽകിയാൽ നിങ്ങൾ പറയുന്നത് എന്തും അംഗീകരിക്കും. ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിൽക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ച് എൽഡിഎഫ് തന്നെ സമീപിച്ചിരുന്നു. അപ്പോഴും ഞാൻ അവർക്ക് കൊടുത്ത മറുപടി ഒരു തരത്തിലെ നിങ്ങളുമായി സഹകരിക്കില്ല എന്നുള്ളതായിരുന്നു. താൻ ഒരുകാലത്തും സിപിഎമ്മിന് അതീതനായി പ്രവർത്തിച്ചിട്ടില്ല. സിപിഐഎമ്മിന് വേണ്ടിയിട്ടോ നഫീസയ്ക്കു വേണ്ടിയോ അല്ല താൻ വോട്ട് രേഖപ്പെടുത്തിയതെന്നും ജാഫർ പറയുന്നുണ്ട്.
അതേസമയം, സിപിഐഎം സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ലീഗ് സ്വതന്ത്രനുമായ യു.ജാഫറിന് 50 ലക്ഷം രൂപയുടെ ഓഫർ ലഭിച്ചത് തെളിയിക്കുന്ന ശബ്ദരേഖ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ കോഴ വാഗ്ദാന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ 50 ലക്ഷം കൊടുത്ത് സിപിഐഎമ്മിന് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കുതിരകച്ചവടത്തെ അംഗീകരിക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അധികാരത്തോടുള്ള ആർത്തി മൂത്ത് സിപിഎമ്മിന് ഭ്രാന്ത് ആയിരിക്കുന്നുവെന്ന് തൃശൂർ ഡിസിസി പ്രസി ജോസഫ് ടാജറ്റ് പ്രതികരിച്ചു.50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തതിന് പിന്നിലെ രഹസ്യം സിപിഐഎം വെളിപ്പെടുത്തണം. സത്യസന്ധമായ ഒരു അന്വേഷണം നടക്കുമോ എന്നതിൽ സംശയമുണ്ടെന്നും ടാജറ്റ് പറഞ്ഞു. പരസ്യമായി കോഴ വാഗ്ദാനം ചെയ്യുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലും നാണിപ്പിക്കുന്ന കാര്യമാണിത്. അനുകൂലമായി വോട്ട് ചെയ്ത ജാഫർ മാഷിനെ സിപിഎമ്മിൻ്റെ നേതാവ് വിളിച്ച് സംരക്ഷണം ഓഫർ ചെയ്യുന്നു. ഇക്കാര്യം കൂടി വിജിലൻസ് അന്വേഷണത്തിൻ്റെ പരിധിയിൽ വരണമെന്നും ജോസഫ് ടാജറ്റ് ചൂണ്ടിക്കാട്ടി.
അധികാരം തലയ്ക്കുപിടിച്ച സിപിഐഎം എവിടെയെത്തി നിൽക്കുന്നു എന്ന് ഈ തെളിവുകൾ കാട്ടിത്തരുന്നു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ. ജനീഷ് പറഞ്ഞു. സിപിഐഎമ്മിൻ്റെ ഉന്നതരായ നേതാക്കൾ അറിയാതെ ഉത്തരം ഒരു നീക്കം നടക്കില്ല.50 ലക്ഷം രൂപ കരുവന്നൂരിലെ തൊണ്ടിമുതൽ ആണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ജാഫർ മാഷിൻ്റെയും ജാഫർ മാഷിനെ വിളിച്ചവരുടെയും ഫോണുകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും ജനീഷ് വ്യക്തമാക്കി.
എന്നാൽ ഏതെങ്കിലും ഒരാളെ ചാക്കിട്ട് പിടിക്കാനുള്ള ഒരു അഭ്യാസവും സിപിഎം നടത്തിയിട്ടില്ലെന്നായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി കെ. വി. അബ്ദുൽ ഖാദറിൻ്റെ പ്രതികരണം. വടക്കാഞ്ചേരി വിഷയം വാർത്തകളെ വഴി തിരിച്ചുവിടാനുള്ള അഭ്യാസമാണ്. തൃശൂർ കോർപ്പറേഷൻ എൽഡിഎഫിന് നഷ്ടമായി എന്നത് യാഥാർഥ്യമാണ്. ജില്ലയിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം എൽഡിഎഫിനുണ്ട്.
ബിജെപി, എസ്ഡിപിഐ തുടങ്ങിയ വർഗീയ സംഘടനകളുടെ വോട്ട് നേടി സ്ഥാനം ലഭിച്ചാൽ ഉടൻ രാജിവക്കണം എന്നതായിരുന്നു സിപിഐഎം സമീപനം. ബിജെപിയുമായി സന്ധി ചെയ്ത് കുതിരക്കച്ചവടം നടത്തി മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ കൂട്ടുകെട്ട് ഇലക്ഷന് മാത്രമല്ല മുൻപും ഉണ്ടായിരുന്നു. ഇതുകൂടി നടന്നിട്ടും മറ്റത്തൂരിൽ 10 സീറ്റുകൾ എൽഡിഎഫ് പിടിച്ചതെന്നും അബ്ദുൽ ഖാദർ കൂട്ടിച്ചേർത്തു.