തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിന്‍റെ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. പാലക്കാട് ഒരു കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫ്ലാറ്റ് വാങ്ങാൻ അതിജീവിതയെ രാഹുല്‍ നിര്‍ബന്ധിക്കുന്ന ചാറ്റാണ് പുറത്ത് വന്നത്. 2 ബിഎച്ച്‌കെ ഫ്ലാറ്റ് പോരെ എന്ന് ചോദിക്കുമ്പോള്‍ 3 ബിഎച്ച്‌കെ വേണമെന്ന് രാഹുല്‍ പറയുന്നു.
മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിതയുമായുള്ള ചാറ്റാണ് പുറത്തുവന്നിരിക്കുന്നത്. പാലക്കാട് എംഎല്‍എ ആയ ശേഷമാണ് രാഹുൽ അതിജീവിതയെ ഫ്ലാറ്റ് വാങ്ങാന്‍ നിര്‍ബന്ധിപ്പിച്ചത്. 3 ബിഎച്ച്‌കെ ഫ്ലാറ്റ് വേണമെന്നും, അതിൽ ഒരുമിച്ച് താമസിക്കാമെന്നുമാണ് രാഹുൽ ചാറ്റിൽ പറയുന്നത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അറസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടിൽ പ്രധാനമായും പറയുന്നത്. അതിജീവിതയുടെ ജീവന് ഭീഷണി ഉണ്ടെന്നും, അതിജീവിതയെ സൈബർ അറ്റാക്ക് നടത്തി മാനസിക സമ്മർദത്തിലാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ രാഹുൽ സ്വാധീനമുപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്തും. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ രാഹുലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സമീപകാല സംഭവങ്ങളുമായി താരതമ്യം ചെയ്താൽ അതിന് സമാനമായി ഇത്തവണയും രാഹുൽ ഒളിവിൽ പോകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. ഇതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
376, 506(1) വകുപ്പുകൾ ചുമത്തി ഇതിനു പുറമെ ബിഎൻഎസ് വകുപ്പുകളും രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ല ക്ലബ് സെവൻ ഹോട്ടലിൽ വച്ചുണ്ടായ ലൈംഗിക അതിക്രമത്തിനിടെ രാഹുൽ പരാതിക്കാരിയുടെ മുഖത്ത് രാഹുൽ അടിച്ചു. സംഭവം നടക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ആയിരുന്നു.
പത്തനംതിട്ട സ്വദേശിയുടെ പരാതിയിൽ ഇന്ന് രാവിലെയാണ് രാഹുലിനെ പാലക്കാട് വച്ച് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം അതീവരഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് രാഹുലിൻ്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. പുലർച്ചെ 12.30ഓടു കൂടിയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ വച്ച് എസ്ഐടി കസ്റ്റഡിയിലെടുത്തത്. ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, തുടങ്ങിയവയാണ് പെൺകുട്ടി ജി. പൂങ്കുഴലി ഐപിഎസിന് നൽകിയ പരാതിയിൽ പറയുന്നത്.