ഇടുക്കി: ദേവികുളം നിയമസഭാ മണ്ഡലത്തിൽ സിപിഐഎം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ സ്ഥാനാർഥിയാക്കാൻ ഒരുങ്ങി ബിജെപി. ഉപാധികളോടെയല്ല ബിജെപിയിൽ എത്തിയതെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നും എസ്. രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ തോട്ടം മേഖലയിലെ രാജേന്ദ്രന്റെ സ്വാധീനം വോട്ടാക്കി മാറ്റാനാകും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
അടുത്തമാസം എട്ടിന് മൂന്നാറിൽ എസ്. രാജേന്ദ്രന്റെ പാർട്ടിയിലേക്കുള്ള വരവ് എടുത്ത് കാട്ടി ബിജെപി പൊതുയോഗം ചേരുന്നുണ്ട്. രാജേന്ദ്രൻ അനുകൂലികളായ നൂറോളം പേർ യോഗത്തിന്റെ ഭാഗമായി ബിജെപിയിൽ എത്തും എന്നാണ് പ്രതീക്ഷ. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് സിപിഐഎമ്മിൽ നിന്നും സസ്പെൻഷൻ നടപടി നേരിട്ട എസ്. രാജേന്ദ്രൻ ഇന്നലെയാണ് ബിജെപിയിൽ ചേർന്നത്.
കഴിഞ്ഞ നാലുവർഷത്തിലേറെയായി സിപിഐഎമ്മുമായി അകൽച്ചയിലായിരുന്നു മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. 2021 ലെ തെരഞ്ഞെടുപ്പിൽ എ. രാജ എംഎൽഎയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഐഎം രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. ഇക്കാലമത്രയും സിപിഐഎമ്മുമായി നിരന്തര കലഹത്തിലായിരുന്നു. പ്രാദേശിക നേതൃത്വവുമായി പല വിഷയങ്ങളിലും കലാപക്കൊടി ഉയർത്തി.
തോട്ടം മേഖലയിലെ സ്വാധീനമുള്ള നേതാവ് എന്ന നിലയിൽ സസ്പെൻഷൻ കാലാവധിക്ക് ശേഷം പാർട്ടി അംഗത്വം പുതുക്കാൻ സിപിഐഎം രാജേന്ദ്രന് അവസരം നൽകിയിരുന്നു. എന്നാൽ രാജേന്ദ്രൻ അത് നിരസിച്ചു. ഇതിനിടെ പലതവണ മറ്റു പാർട്ടികളിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നു.
ഒടുവിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതായും ബിജെപി പ്രവേശനം സംബന്ധിച്ച് ചർച്ച നടത്തിയതായും രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇന്ന് രാവിലെ ബിജെപി ആസ്ഥാനത്ത് എത്തിയ രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു. ഉപാധികൾ ഇല്ലാതെയാണ് ബിജെപിയിൽ ചേർന്നതെന്ന് രാജേന്ദ്രൻ പറഞ്ഞു. നിയമസഭയിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നും താൻ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു.