
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിൻ്റെ (മാമി) തിരോധാനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്ത ക്രൈംബ്രാഞ്ച് ഉത്തരവിൽ പ്രതികരിച്ച് മാമി തിരോധാന ആക്ഷൻ കമ്മിറ്റിയും സഹോദരിയും. ഞങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് ആക്ഷൻ കമ്മിറ്റി നേതൃത്വം പ്രതികരിച്ചു.
ഇപ്പോഴത്തെ അന്വേഷണം താഴെയുള്ള ഉദ്യോഗസ്ഥർക്കെതിരെ മാത്രമാണെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെയല്ലെന്നും ആക്ഷൻ കമ്മിറ്റി വിമർശിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. നടക്കാവ് എസ്എച്ച്ഒ ആയിരുന്ന ജിജീഷ് മികച്ച ഉദ്യോഗസ്ഥനാണ്. അയാളുടെ കൈ കാലുകൾ ഈ കേസിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.
അന്വേഷണം നടക്കുമ്പോൾ കമ്മീഷണറായിരുന്ന രാജ്പാൽ മീണയാണ് ഇപ്പോൾ ഐ.ജി ആയിരുന്നത്. ആ ഐ.ജിയാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്നത്തെ കമ്മീഷണർ എന്ന നിലയിൽ രാജ് പാൽ മീണയ്ക്ക് എതിരെയും അന്നത്തെ എസിപിക്ക് എതിരെയും അന്വേഷണം വേണം. മാമിയുടെ മകൾ ആ സമയത്ത് നൽകിയ പരാതിയും ചോർന്നുവെന്നും ആക്ഷൻ കമ്മിറ്റി വിമർശിച്ചു.
അതേസമയം, തങ്ങൾക്ക് നീതി കിട്ടണമെന്ന് മാമിയുടെ സഹോദരി പറഞ്ഞു. ഏതറ്റം വരെയും നിയമപരമായി പോകുമെന്നും മരിക്കും വരെയും നിയമയുദ്ധം തുടരുമെന്നും സഹോദരി റംലത്തും വ്യക്തമാക്കി.