

തൃശൂർ: ഗുരുവായൂർ നഗരസഭ സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫുട്‌ബോൾ ആരാധകർ. ലോകകപ്പ് മത്സരങ്ങളുടെ ബിഗ് സ്ക്രീൻ പ്രദർശനം സെക്രട്ടറി അട്ടിമറിക്കുന്നതായി ആരോപിച്ച് ഗോളടിച്ച് പ്രതിഷേധിച്ചു. നഗരസഭ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം സന്തോഷ് ട്രോഫി താരം ബാബു ആൻ്റോ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ നഗരസഭാ സെക്രട്ടറിയും സിപിഐഎം കൗൺസിലർമാരും തമ്മിലുള്ള തർക്കമാണ് പ്രശ്നത്തിന് തുടക്കം. ഫുട്ബോൾ മത്സര സമയത്ത് ഗുരുവായൂർ നഗരസഭയുടെ ഓഡിറ്റോറിയം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാൻ വിട്ടു നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഭരണം മാറിയതോടെ ഈ തീരുമാനത്തെ സെക്രട്ടറി എതിർത്തു.
ഓഡിറ്റോറിയം വിട്ടുനൽകുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് കാട്ടി സെക്രട്ടറി പ്രദർശാനുമതി നിഷേധിച്ചു. ഇതേ തുടർന്ന് സിപിഐഎം കൗൺസിലർമാരും സെക്രട്ടറിയുമായി വാക് തർക്കം ഉണ്ടായി.
കൗൺസിലർമാർ വധഭീഷണി മുഴക്കിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ച് സെക്രട്ടറി ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് മൂന്ന് സിപിഐഎം കൗൺസിലർമാർക്കെതിരെ കേസെടുത്തു. തിരിച്ചും കൗൺസിലർമാർ സെക്രട്ടറിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.