

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ മൂന്നാമതും പരാതി. വിദേശത്തുള്ള യുവതിയുടെ പരാതിയിലാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ അഴിക്കുള്ളിലായിരിക്കുന്നത്. ഈ യുവ എംഎൽഎക്കെതിരെ പൊലീസിന് ലഭിച്ച മൂന്ന് പരാതികളിലും ആരോപിക്കുന്നത് ഒരേ രീതിയിലുള്ള ക്രൂരത, ഒരേ രീതിയിലുള്ള തന്ത്രങ്ങള്‍, ഒരേ പെരുമാറ്റ രീതി. പരാതിക്കാരുടെ പേരും മുഖവും മാത്രം മാറുന്നു. അപ്പോഴും ആരോപണവിധേയന് ഒരു മുഖം മാത്രം.
രാഹുലിനെതിരെ പൊലീസിന് മുന്നില്‍ വന്ന മൂന്ന് പരാതികളിലും നേരത്തേ ഉയര്‍ന്ന ആരോപണങ്ങളിലും എല്ലാം സ്ഥിരം ശൈലി കാണാം. എല്ലാം സമാനമായ ആരോപണങ്ങൾ! പൊതുവായി ക്രിമിനല്‍ സൈക്കോളജിയില്‍ പറയുന്ന പാറ്റേണുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ ഉണ്ടെന്ന് വ്യക്തം.
വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സാമൂഹിക മാധ്യമം വഴി അടുപ്പം സ്ഥാപിച്ചതെന്നാണ് മൂന്നാമത്തെ പരാതിയില്‍ പറയുന്നത്. ഇതു തന്നെയാണ് ആദ്യ പരാതിയിലെ യുവതിയും പറഞ്ഞിരുന്നത്.
പിന്നീട് പ്രണയ ബന്ധം സ്ഥാപിച്ചു, വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തു, കുഞ്ഞ് വേണമെന്നും കുഞ്ഞ് ഉണ്ടായാല്‍ വീട്ടില്‍ വിവാഹത്തിന് പെട്ടെന്ന് സമ്മതിക്കുമെന്നും വിശ്വസിപ്പിച്ചു. ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. മൂന്നാമത്തെ പരാതിക്കാരി പൊലീസിന് അയച്ച ഇ-മെയിലില്‍ പറയുന്നത് കുഞ്ഞ് തന്റേതല്ലെന്ന് രാഹുല്‍ പറഞ്ഞതായാണ്. തുടര്‍ന്ന് യുവതി ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറയപ്പോൾ രാഹുല്‍ പരിശോധനയ്ക്ക് വിസമ്മതിച്ചു.
രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ ഇരുപത്തിമൂന്നുകാരിയായ യുവതി പറഞ്ഞിരുന്നത്, അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി ഹോം സ്‌റ്റേയില്‍ എത്തിച്ച് ക്രൂരമായി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ്. സമാനമായ ആരോപണമാണ് മൂന്നാമത്തെ പരാതിയിലും പറയുന്നത്. 'ഒരു ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാന്‍ പറഞ്ഞു. റൂമില്‍ എത്തിയപാടെ ഒരു വാക്ക് പോലും പറയാതെ കടന്നാക്രമിച്ചു. നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം. മുഖത്ത് അടിക്കുകയും ദേഹമാകെ മുറിവുണ്ടാക്കുകയും ചെയ്തു. ഗര്‍ഭഛിദ്രത്തിനായി കടുത്ത സമ്മര്‍ദം ഉണ്ടായി. അപമാനവും ഭീഷണികളും തുടര്‍ന്നു. ഇതിനിടെ ഗര്‍ഭം അലസി. ഇക്കാര്യങ്ങള്‍ വിളിച്ച് അറിയിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു.'
പരാതിയുമായി വന്നവരെല്ലാം ഒരുപോലെ ആവര്‍ത്തിക്കുന്ന മറ്റൊന്നു കൂടിയുണ്ട്, കടുത്ത ശാരീരിക-മാനസിക പ്രശ്‌നങ്ങളാണ് എല്ലാവരും നേരിട്ടത്. ആ സമയത്ത് ഒരു തരത്തിലുള്ള പിന്തുണയും ആരോപണവിധേയന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്ന് മാത്രമല്ല, അപമാനവും സമ്മര്‍ദങ്ങളും ഭീഷണികളും തുടര്‍ന്നു. മൂന്നാമത്തെ പരാതിക്കാരി ഒരു കാര്യം കൂടി പറയുന്നു, സാമ്പത്തിക ചൂഷണം.
"ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു" എന്നാണ് മൂന്ന് പരാതികളിലും രാഹുലിന്റെ വിശദീകരണം. ഇരയുടെ വേദന അവഗണിക്കപ്പെടുന്ന, അവര്‍ക്കത് ഇഷ്ടമായിരുന്നുവെന്ന് ന്യായീകരിക്കുന്ന, നാര്‍സിസിസ്റ്റിക്ക്, ആന്റി സോഷ്യല്‍ സ്വഭാവ സവിശേഷതകള്‍ ഈ പാറ്റേണില്‍ പ്രകടമാണ്.
സീരിയല്‍ കുറ്റകൃത്യത്തിന്റെ സ്വഭാവം ഈ ആരോപണങ്ങളിലെല്ലാം കാണാം. ലൈംഗികമോ, അധികാരപരമോ മാനസികമോ ആയ പ്രേരണ. പദവിയും സ്വാധീനവും സാമൂഹിക പ്രതിച്ഛായയും മുതലാക്കി ഒരേ തന്ത്രങ്ങള്‍ ഉപയോഗിച്ച് ഒരേ തരത്തിലുള്ള പ്രവൃത്തി വീണ്ടും വീണ്ടും ചെയ്യുന്നു. ഇരകളുടെ മുഖങ്ങള്‍ മാത്രം മാറുന്നു. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ കുറ്റാരോപിതന് സ്ഥിരമായ പാറ്റേണ്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
ആരോപണവിധേയന്‍ കുറ്റവാളിയാണോ അല്ലയോ എന്ന് വിധിക്കാനുള്ള അധികാരം രാജ്യത്ത് കോടതിക്കു മാത്രമേ ഉള്ളൂ. വ്യക്തിപരമായി യാതൊരു നേട്ടവും ഈ സ്ത്രീകള്‍ക്ക് ഉണ്ടാകാനില്ല, മറിച്ച് മുന്നിലുള്ള വഴി അതി കഠിനവുമാണ്. കോടതി മുറിയില്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരും. ഓരോ തവണയും സംഭവിച്ചത് ആവര്‍ത്തിക്കേണ്ടി വരും. പക്ഷേ, ഈ തുറന്നു പറച്ചിലുകള്‍ സമൂഹത്തിനാണ് നേട്ടമുണ്ടാകുക.