ആലപ്പുഴ: എ. വിജയരാഘവന് മറുപടിയുമായി മുൻ സിപിഐഎം നേതാവ് ജി. സുധാകരൻ. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചത് കൊണ്ടാണ് വിജയരാഘവൻ ഇങ്ങനെയായത് എന്നാണ് ജി. സുധാകരൻ്റെ പ്രതികരണം. സുധാകരൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി ആണെന്നായിരുന്നു എ. വിജയരാഘവൻ്റെ പരാമർശം. വിജയരാഘവന് അമ്പലപ്പുഴ അറിയില്ലെന്നും തെരഞ്ഞെടുപ്പ് യോഗത്തിന് മാത്രമാണ് അദ്ദേഹം വന്നിട്ടുള്ളതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ചെറ്റത്തരം എന്ന പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ജി. സുധാകരൻ തയ്യാറായില്ല. പ്രശ്നം മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യത്തിൻ്റേതാണ്. പിശക് ചോദ്യം ചോദിച്ചു. അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം ലഭിച്ചത്. ചോദ്യത്തിൽ തന്നെ മറുപടിയും ഉണ്ടായിരുന്നു. ഉത്തരത്തിലേക്ക് ലീഡ് ചെയ്യുന്ന ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല എന്നത് സാധാരണ നിയമം ആണെന്നും സുധാകരൻ വ്യക്തമാക്കി.
പി. പ്രസാദിൻ്റെ വിജയം തുലാസിലാണ്. സിപിഐയിൽ നിന്നും പ്രസാദ് മാത്രമാണ് തനിക്കെതിരെ പറഞ്ഞത്. ഞാൻ കുട്ടനാട്ടിലെ പ്രശ്നങ്ങളിൽ ഇടപെട്ട ആളാണ്. ആ കാലത്ത് പ്രസാദ് ഉണ്ടായിരുന്നെങ്കിൽ തുണി ഉരിഞ്ഞ് ഓടിയേനെ എന്നും സുധാകരൻ പരിഹസിച്ചു. പ്രസാദ് ഗുരുത്വം ഇല്ലാത്തവനാണ്. കഴിഞ്ഞ തവണ ഒരു ചെറിയ പയ്യനോട് ആറായിരത്തിൽ പരം വോട്ടിനാണ് ജയിച്ചതെന്നും എന്നിട്ടും വീരവാദം പറയുകയാണ് എന്നും സുധാകരൻ കൂട്ടിച്ചേർത്തു.