

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ആരോഗ്യ പ്രവർത്തകർ. മിന്നൽ പണിമുടക്ക് നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യ പ്രവർത്തകർ. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എമർജൻസി സർവീസ് ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഒപി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി സേവനങ്ങൾ അടക്കമുള്ള എല്ലാ സേവനങ്ങളും നിർത്തി. സംസ്ഥാന വ്യാപകമായ സമരം നേതൃത്വം പ്രഖ്യാപിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്നാണ് ആരോഗ്യ പ്രവർത്തകർ ആവശ്യം. ആക്രമണം നടക്കുമ്പോൾ പൊലീസ് എയ്ഡ് പോസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും അവർക്ക് തടയാൻ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചേ മതിയാവൂ എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.