

മലപ്പുറം: ദമ്പതികളുടെ സ്വർണ തട്ടിപ്പിൽ ഇരയായ യുവതിക്ക് നേരെ ക്രൂരമർദനം. പണം നൽകാമെന്ന് പറഞ്ഞ് അയൽവാസി കൂടിയായ വിനീതയെ തട്ടിപ്പ് സംഘം വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. പണം നൽകാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പൊലീസ് പരാതി ഗൗരവമായി എടുത്തില്ലെന്നുമാണ് യുവതിയുടെ ആരോപണം.
വിനീതയ്ക്ക് തട്ടിപ്പിലൂടെ 59 പവനും 9.5 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ബജീന, ഭർത്താവ് മുജീബ്, മകൻ ജാസിം മരുമകൾ സോണി എന്നിവരാണ് മർദിച്ചതെന്ന് യുവതി ആരോപിച്ചു.
പണമിടപാടിൽ വലിയ ലാഭം വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണവും സ്വർണവും ഭൂമിയുടെ ആധാരവും കൈക്കലാക്കിയാണ് ദമ്പതിമാർ വൻ തട്ടിപ്പ് നടത്തിയത്. മലപ്പുറം മുണ്ടുപറമ്പ് തെക്കുംപുറം മുജീബ് റഹ്‌മാൻ, ഭാര്യ ബജീന, മക്കളായ ജസീം, ജിതിൻ മുഹമ്മദ് എന്നിവർക്കെതിരെ തട്ടിപ്പിനിരയായ 21 പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ആകെ 786.5 പവൻ സ്വർണവും 3.88 കോടി രൂപയും നഷ്ടമായെന്നാണ് ആരോപണം.
ആറുപേർ ബുധനാഴ്ച മലപ്പുറം പൊലീസിലും 15 പേർ വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. മഞ്ചേരി, മുണ്ടുപറമ്പ്, തിരൂർ, മമ്പാട്, നറുകര, വട്ടപ്പാറ, കൂട്ടിലങ്ങാടി, പഴമള്ളൂർ, കോഴിക്കോട് എന്നിവിടങ്ങളിലുള്ളവരാണ് പരാതിക്കാർ. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാനാണ് പൊലീസിൻ്റെ നീക്കം.