'സ്മാർട്ട് സെൻസസ്, സ്മാർട്ടർ ഫിഷറീസ്'; രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ മറൈൻ ഫിഷറീസ് സെൻസസിന് തുടക്കമായി

കേന്ദ്ര സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മത്സ്യത്തൊഴിലാളികൾ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണമൈന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
സിഎംഎഫ്ആർഐ
സിഎംഎഫ്ആർഐ
Published on
Updated on

കൊച്ചി: സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്ത ദേശീയ മറൈൻ ഫിഷറീസ് സെൻസസ് 2025-ന്റെ ഭവനതല വിവരശേഖരണത്തിന് തുടക്കമായി. രാജ്യത്തെ മത്സ്യബന്ധന മേഖലയിലെ നിർണായക ചുവടുവെപ്പായിരിക്കും ഇത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.

മത്സ്യത്തൊഴിലാളി കുടുംബങ്ങളും മത്സ്യത്തൊഴിലാളികളും നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ജോർജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇത് നിർബന്ധമാണ്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ കേന്ദ്ര സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ. കോമൺ സർവീസ് സെന്ററുകൾ വഴി എളുപ്പത്തിൽ രജിസ്‌ട്രേഷൻ നടത്താമെന്നും മന്ത്രി പറഞ്ഞു.

സിഎംഎഫ്ആർഐ
കെപിസിസിക്ക് പുതിയ കോർകമ്മിറ്റി; ശശി തരൂരുൾപ്പെടെ 17 അംഗങ്ങൾ

'സ്മാർട്ട് സെൻസസ്, സ്മാർട്ടർ ഫിഷറീസ്' എന്ന ലക്ഷ്യത്തോടെയാണ് ഈ സെൻസസ് നടപ്പിലാക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് മത്സ്യബന്ധന സെൻസസ് പൂർണമായും ഡിജിറ്റൽ രൂപത്തിൽ നടത്തുന്നത്. ഇത് ഫിഷറീസ് ഭരണനിർവഹണത്തിൽ വലിയ മുതൽക്കൂട്ടാകും.

ലോഞ്ചിങ്ങിനെ തുടർന്ന്, കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നത് തത്സമയം വേദിയിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ഡിജിറ്റൽ വിവരശേഖരണവും തത്സമയ വിദൂര നിരീക്ഷണവും എളുപ്പമാക്കുന്ന 'വ്യാസ് ഭാരത്' 'വ്യാസ് സൂത്ര' എന്നീ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാണ് ഭവനതല വിവരശേഖരണം നടത്തുന്നത്.

നവംബർ 3 മുതൽ ഡിസംബർ 18 വരെ 45 ദിവസമാണ് രാജ്യവ്യാപകമായി വിവരശേഖരണം നടക്കുക. പരിശീലനം ലഭിച്ച ആയിരക്കണക്കിന് ഫീൽഡ് സ്റ്റാഫുകൾ ഈ ദൗത്യത്തിൽ പങ്കുചേരും. ഒൻപത് തീരദേശ സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4,000-ത്തിലധികം മത്സ്യബന്ധന ഗ്രാമങ്ങളിലെ 1.2 ദശലക്ഷത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് സെൻസസിൽ ഉൾപ്പെടുത്തുക.

സിഎംഎഫ്ആർഐ
ശബരിമല സ്വർണക്കൊള്ള: നിർണായക രേഖ കണ്ടെത്തി എസ്ഐടി; ദേവസ്വം ആസ്ഥാനത്ത് നിന്ന് ലഭിച്ചത് 1999ൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മഹസർ

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ കീഴിൽ ഫിഷറീസ് മന്ത്രാലയമാണ് സെൻസസിന് ഏകോപനം നൽകുന്നത്. സിഎംഎഫ്ആർഐ ആണ് നോഡൽ ഏജൻസി, ഫിഷറി സർവേ ഓഫ് ഇന്ത്യ (എഫ് എസ് ഐ) പ്രവർത്തന പങ്കാളിയാണ്.

ഇതാദ്യമായി, തത്സമയ വിവര ശേഖരണം, ജിയോ-റഫറൻസിംഗ്, തൽക്ഷണ പരിശോധന എന്നിവ പ്രാപ്തമാക്കുന്നതിനാണ് ഡിജിറ്റൽ ആപ്പുകൾ വികസിപ്പിച്ചത്. വിവരങ്ങളുടെ കൃത്യതയും സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനൊപ്പം പരിശോധന സമയം കുറയ്ക്കാനുമാകും.

സെൻസസ് സംരംഭം വിജയകരമാക്കാൻ എല്ലാ സംസ്ഥാന ഫിഷറീസ് വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും സഹകരിക്കണമെന്ന് കേന്ദ്രമന്ത്രി അഭ്യർഥിച്ചു. മത്സ്യബന്ധന ബോട്ടുകളിൽ ട്രാൻസ്‌പോണ്ടറുകളും വലകളിൽ ആമ കുടുങ്ങാതിരിക്കാനുള്ള ടെഡുകളും സൗജന്യമായി സ്ഥാപിച്ചുവരികയാണ്. കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, നാവിഗേഷൻ, തത്സമയ ആശയവിനിമയം എന്നിവ വർധിപ്പിക്കാനാണ് ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കുന്നത്- കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.

സിഎംഎഫ്ആർഐ
പിഎം ശ്രീയില്‍ പിന്മാറിയതിന് പിന്നാലെ കേരളത്തിനുള്ള എസ്എസ്‌കെ ഫണ്ട് നല്‍കാതെ കേന്ദ്രം; തടഞ്ഞത് ആദ്യ ഗഡുവായ 329 കോടി രൂപ

ഫിഷറീസ് മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവ് ഡോ അജയ് ശ്രീവാസ്തവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഫിഷറീസ് സെക്രട്ടറി ഡോ. അഭിലാക്ഷ് ലിഖി, ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ഐസിഎആർ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ ശുഭ്ദീപ് ഘോഷ്, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, സിഫ്റ്റ് ഡയറക്ടർ ഡോ ജോർജ് നൈനാൻ, എഫ്എസ്‌ഐ ഡയറക്ടർ ജനറൽ കെ ആർ ശ്രീനാഥ്, മറൈൻ സെൻസസ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ ജെ ജയശങ്കർ, ഡോ സോമി കുര്യാക്കോസ്, ഡോ സി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് ശേഷം ദേശീയ ശിൽപശാലയും നടന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com