

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയ്ക്കായി സര്‍ക്കാര്‍ 8000 കോടി ചെലവഴിച്ചുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ സാധിച്ചു എന്നത് ഈ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയെയും പ്രസ്തുത മേഖയിലെ മികവിനെയുമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഈ ഘട്ടത്തില്‍ സ്‌കൂള്‍ മേഖലയ്ക്കായി അനുവദിച്ച 8719.14 കോടി രൂപയില്‍ 80020 കോടി രൂപയും ചെലവഴിക്കാന്‍ സാധിച്ചു കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. ഈ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായും പിന്തുണ നിലനിര്‍ത്തുന്നതിനായും ഇതിനോടൊപ്പം 1128.71 കോടി രൂപ വകയിരുത്തുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനായി വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി മുഖേന 2565 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിച്ചത്. പ്രൈമറി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലയ്ക്കായി 167 കോടി രൂപ പദ്ധതിയില്‍ വകയിരുത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
തടസ രഹിത വിദ്യാഭ്യാസത്തിനായി 11 കോടി വകയിരുത്തുന്നു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി 56.25 കോടി രൂപ വകയിരുത്തുന്നു. വിദ്യാഭ്യാസ രംഗത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരുന്നുണ്ട്. ഇവ തുടരുന്നതിനായി ആകെ 102.64 കോടി രൂപ ഈടാക്കി. അധ്യാപകരുടെ ശാക്തീകരണത്തിനായി 10 കോടി രൂപയാണ് വകയിരുത്തിയത്.
സ്‌കൂളിലെ മാലിന്യ സംസ്‌കരണത്തിനായി 10 കോടി രൂപ വകയിരുത്തുന്നു. ആധുനിക വല്‍ക്കരണ പാതയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 42 കോടി രൂപ വകയിരുത്തുന്നു. സൗജന്യ യൂണിഫോം വിതരണ പദ്ധതിക്കായി 150.34 കോടി രൂപ വകയിരുത്തി. ഇതില്‍ എയ്ഡഡ്, സര്‍ക്കാര്‍ എല്‍പി, സര്‍ക്കാര്‍ യുപി സ്‌കൂളുകളിലെല്ലാം രണ്ട് ജോഡി സൗജന്യ കൈത്തറി യൂണിഫോം നല്‍കുന്നതിനായുള്ള കൈത്തറി ഡയറക്ടറേറ്റ് പദ്ധതിക്കായുള്ള 70 കോടി രൂപ ഉള്‍പ്പെടുന്നു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 62 കോടി രൂപ വകയിരുത്തി. ഹയര്‍ സെക്കണ്ടറി തലത്തില്‍ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കായി 7.9 കോടി രൂപയും സര്‍ക്കാര്‍ ബഹുനില കെട്ടിടങ്ങള്‍ക്ക് 7.4 കോടി രൂപയും സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡിന് 10.1 കോടി രൂപയും വകയിരുത്തി.
സമഗ്ര ശിക്ഷയുടെ സംസ്ഥാന വിവഹിതമായി 55 കോടി രൂപയും സമഗ്ര ശിക്ഷയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി 23 കോടി രൂപയും വകയിരുത്തി. പട്ടിക വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുമുള്ള പഠനത്തുടര്‍ച്ച അടക്കമുള്ള വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി 14.5 കോടി രൂപ വകയിരുത്തി.
സ്‌കൂളുകളിലെ ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മെച്ചപ്പെടുത്തുന്നതിനായി കൈറ്റിന് (KITE)38.5 കോടി രൂപ വകയിരുത്തി. മിഡ് ഡേ മീല്‍ പദ്ധതികള്‍ക്ക് കേന്ദ്രം നല്‍കുന്ന വിഹിതം മതിയാകാത്ത സാഹചര്യത്തില്‍ സംസ്ഥാനം നല്‍കുന്ന വിവിഹതമായ 150 കോടിക്ക് പുറമെ 260.66 കോടി രൂപകൂടി വകിയിരുത്തുന്നു.