തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ ബജറ്റിൽ ജനങ്ങൾ ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിൻ്റെ പെർഫോമൻസ് വിലയിരുത്തി ധവള പത്രം ഇറക്കാൻ തയ്യാറാണോ എന്ന് പ്രതിപക്ഷം സർക്കാരിനെ വെല്ലുവിളിച്ചു. 10 വർഷം അധികാരത്തിൽ ഇരുന്നിട്ടും ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. അനാവശ്യ കാര്യങ്ങൾ ഉൾപ്പെടുത്തി ബജറ്റിൻ്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും വി.ഡി. സതീശൻ പറഞ്ഞു. ബജറ്റിനെ പൊളിറ്റിക്കൽ ഡോക്യുമെൻ്റ് ആക്കി മാറ്റിയെന്നും സതീശൻ വിമർശിച്ചു.
തെരഞ്ഞെടുപ്പിന് മുൻപ് ആളുകളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനമാണ് ഇപ്പോൾ നടന്നത്. കേരള ചരിത്രത്തിലെ ഏറ്റവും മോശം പ്ലാൻ എക്സ്പെൻഡിച്ചർ നടത്തിയ വർഷമായിരുന്നു ഇത്. പ്ലാൻ സൈസോ, പ്ലാനോ വർധിക്കുന്നില്ലെന്നും, 30,000 കോടിയെന്ന പ്ലാനിൽ തന്നെ നിൽക്കുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ സാമ്പത്തിക രംഗം പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ 5 മാസമായി ട്രഷറിയിൽ നിന്ന് പിൻവലിക്കുന്നത് 10 ലക്ഷം രൂപയിൽ നിന്ന് മാറാൻ പാടില്ലെന്ന നിയന്ത്രണമുണ്ട്. ഇതു വച്ചാണ് ധനമന്ത്രി ഗീർവാണം നടത്തിയതെന്നും സതീശൻ പരിഹസിച്ചു.
തോന്നിയ പോലെ ഒരു ബജറ്റ് പ്രഖ്യാപനം. ഇതാണ് കേരളത്തിൻ്റെ ന്യൂ നോർമൽ. ക്ഷേമപെൻഷൻ 2500 രൂപയാകും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചു. കേരളത്തിൽ പെൻഷൻ ആരംഭിച്ചത് കമ്മ്യൂണിസ്റ്റ് സർക്കാരല്ല. ആർ. ശങ്കറിൻ്റെ കാലത്താണ് പെൻഷൻ ആരംഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അധികാരത്തിൽ തിരിച്ചുവരില്ലെന്ന് ഇടതുപക്ഷ സർക്കാരിന് വ്യക്തമായി അറിയാം. പ്രഖ്യാപനങ്ങൾ നടത്തി അത് അടുത്ത സർക്കാരിൻ്റെ തലയിൽ വെച്ചിരിക്കുകയാണ്.
2024ലായിരുന്നു ശമ്പള പരിഷ്കരണം പ്രാബലത്തിൽ വരേണ്ടിയിരുന്നത്. ഒരു ലക്ഷം കോടിയാണ് കുടിശിക. അത് കൊടുക്കേണ്ട ഉത്തരവാദിത്തം അടുത്ത സർക്കാരിൻ്റെ തലയിൽ വെച്ചിരിക്കുകയാണ്. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന് പ്രസക്തിയില്ല. യുഡിഎഫ് സർക്കാരാണ് ഇനി അധികാരത്തിൽ വരാൻ പോകുന്നത്. അടുത്ത സർക്കാർ ബജറ്റ് അവതരിപ്പിക്കും. അതായിരിക്കും അടുത്ത സാമ്പത്തിക വർഷം നടപ്പിലാക്കുക. ഈ ബജറ്റ് നടപ്പാക്കാൻ പോകുന്നില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കേരളാ ബജറ്റ് അവതരണം ചെറിയ അവകാശവാദങ്ങൾ മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പും, തോൽവിയും മുന്നിൽ കണ്ടുള്ള പ്രഖ്യാപനം മാത്രമാണിത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കാര്യങ്ങൾ ആലോചിച്ചിട്ടില്ലെന്നും, പ്രായോഗികമായ പ്രഖ്യാപനങ്ങൾ ഇല്ലെന്നും സണ്ണി ജോസഫ് വിമർശിച്ചു. കെ റെയിലിൽ നിന്ന് സർക്കാർ തന്നെ പുറകോട്ട് പോയി. സിൽവർ ലൈനിൽ കോൺഗ്രസിൻ്റെ പ്രതിഷേധം ശരിയായിരുന്നു എന്ന് സർക്കാർ തന്നെ ശരിവച്ചു എന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.