

തിരുവനന്തപുരം: വോട്ടറാണെന്ന് തെളിയിക്കാന്‍ എസ്‌ഐആര്‍ ഹിയറിങ്ങ് പ്രക്രിയയിലൂടെ കടന്നു പോകേണ്ട സാഹചര്യമാണെന്ന് എംപി ജോണ്‍ബ്രിട്ടാസ്. തിരുവനന്തപുരത്ത് സ്ഥിരതാമസമായ ശേഷം അഞ്ച് പൊതു തെരഞ്ഞെടുപ്പിലും അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തു. കേരളത്തെ രാജ്യസഭയില്‍ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി കൂടിയാണ്. എന്നിട്ടും ഒരു വോട്ടറായിരിക്കാന്‍ ദുഷ്‌കരമായ കടമ്പകളിലൂടെ ഞാന്‍ കടന്നു പോകണമെന്നും ബ്രിട്ടാസ് പറയുന്നു. ബിഎല്‍ഒയെ ഇരുത്തികൊണ്ട് സംസാരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതിഷേധം.
40 വര്‍ഷത്തോളമായി വോട്ട് ചെയ്യുന്ന ഒരാളാണ് താന്‍ എന്നും എന്നിട്ടും തിരുവനന്തപുരത്തെ വോട്ടറാണെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ ഹിയറിങ്ങിന് ഇരിക്കേണ്ട സാഹചര്യമാണെന്നും ബ്രിട്ടാസ് പറയുന്നു. എസ്‌ഐആര്‍ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഹിയറിങ്ങിന് വിളിപ്പിച്ചിരിക്കുകയാണ്. ബിഎല്‍ഒ തനിക്ക് ഹിയറിങ്ങിന്റെ ഒരുപാട് കടലാസുകള്‍ തരുന്നു, താന്‍ തന്നെ കൊടുത്ത രേഖകള്‍ പരിശോധിക്കുന്നുണ്ട്. അതുകൂടാതെ എന്റെ ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്യുന്നുണ്ട്. ഇതാണ് കേരളത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന ഒരു എംപിയുടെ അവസ്ഥയെന്നും ബ്രിട്ടാസ് പറയുന്നു.
2002,2003 കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥിരതാമസമാക്കിയ ആളാണ്. അഞ്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിലും അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തു. അതിനനുസൃതമായി തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് രാജ്യസഭാ എംപിയായി തെരഞ്ഞെടുത്ത് പാര്‍ലമെന്റിലും വിട്ടു.
"ഞാന്‍ ഒരു വോട്ടറാണെന്ന് ഗ്യാനേഷ് കുമാറിനെയും സംഘത്തെയും ബോധ്യപ്പെടുത്തണമെങ്കില്‍ ഇതൊന്നും പോര. ഈ പ്രക്രിയകളിലൂടെ കടന്നു പോകണം. എന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. ഇനി എന്റെ പിതാമഹന്മാരുടെ രേഖകള്‍ കൂടി കണ്ടെത്തി കൊടുക്കേണ്ടി വരും. ആ രൂപത്തിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. ഈ രാജ്യത്ത് ജനാധിപത്യം എത്ര ദുഷ്‌കരമാകുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്," ബ്രിട്ടാസ് ആരോപിച്ചു.