തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഞങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കണം എന്നാണ് നിലപാട്. അത് എൽഡിഎഫും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും രാമകൃഷ്ണൻ പറഞ്ഞു.
"കേസിൽ ഒരു കുറ്റവാളി പോലും രക്ഷപ്പെടാൻ പാടില്ല. അന്വേഷണത്തിലൂടെ കാര്യങ്ങൾ പുറത്തു വരട്ടെ. അന്വേഷണത്തിൽ സർക്കാർ ഒരു ഇടപെടലും നടത്തുന്നില്ല. എസ്ഐടി അന്വേഷണത്തിൽ കോടതി സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷം വിശ്വാസത്തിന് എതിരാണെന്ന് സംഘടിതമായ പ്രചാരണം നടത്തുന്നു."; ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
ഈ കേസിൽ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയില്ല. പക്ഷേ, പോറ്റി എങ്ങനെ പോറ്റി സോണിയാ ഗാന്ധിയുടെ വസതിയിൽ എത്തി ?. കളവ് പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കാൻ എളുപ്പമാണ്. ശരി പറഞ്ഞ് ജനങ്ങളുടെ അംഗീകാരം നേടാൻ സമയമെടുക്കും. അത് ഇക്കാര്യത്തിൽ ഒക്കെ സംഭവിച്ചിട്ടുണ്ടാകുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
സ്വർണക്കൊള്ളയിൽ പ്രതികരിച്ച രാമകൃഷ്ണനെ പരിഹസിച്ച് കൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സിപിഐഎമ്മിൻ്റെ മൂന്ന് നേതാക്കളാണ് ജയിലിൽ കിടക്കുന്നത്. എന്നിട്ടും കൈകൾ ശുദ്ധമെന്നാണ് പറയുന്നത്. രാമകൃഷ്ണൻ ഏത് ലോകാത്താണ് ജീവിക്കുന്നത് എന്നും ചെന്നിത്തല ചോദിച്ചു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ, ആരും നിയമത്തിന് അതീതരല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പോറ്റിയെ കേറ്റിയതിൻ്റെ ആത്യന്തിക ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വത്തിനാണ്. ദേവസ്വം പ്രസിഡൻ്റിന് മുകളിലല്ല തന്ത്രി. തന്ത്രിയും തന്ത്രിയെ നിയന്ത്രിക്കേണ്ട മന്ത്രിയും എല്ലാം ഉത്തരവാദികളാണ് എന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിയുടെ ചോദ്യം ചെയ്യൽ എന്തായി?കടകംപള്ളിയുടെ അഭിമുഖമാണോ അന്വേഷണ സംഘം രേഖപ്പെടുത്തിയത്? അതിൻ്റെ ഫലമെന്തെന്ന് വിശ്വാസികൾക്ക് അറിയണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പോറ്റിക്കൊപ്പം ഫോട്ടോയിൽ ഉള്ളവരെ ചോദ്യം ചെയ്യാനാണെങ്കിൽ അടൂർ പ്രകാശിനൊപ്പം മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്നായിരുന്നു കെ. മുരളീധരൻ്റ ആവശ്യം. പ്രത്യേക അന്വേഷണ സംഘത്തിന് മുകളിൽ രാഷ്ട്രീയ സമ്മർദമുണ്ട്. രാഷ്ട്രീയ സമ്മർദം മൂലം അന്വേഷണം ഇഴയുമ്പോഴാണ് ഹൈക്കോടതി ഒരു തട്ടുകൊടുക്കുന്നത് എന്നും മുരളീധരൻ പറഞ്ഞു.
"എസ്ഐടിയുടെ അന്വേഷണത്തിൽ അഭിപ്രായം പറയുന്നില്ല. ഇതിന് പിറകിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവന്നില്ലെങ്കിൽ ശക്തമായി മുന്നോട്ടു പോകും. കുറ്റം ആര് ചെയ്താലും അയ്യപ്പൻ്റെ സ്വർണം എടുത്തവർ ശിക്ഷിക്കപ്പെടണം എന്നാണ് നിലപാട്. ചില രാഷ്ട്രീയക്കാരെ രക്ഷിക്കാൻ നോക്കിയാൽ അത് അംഗീകരിക്കില്ല. കടകംപള്ളിയെ മാറ്റിനിർത്തി തന്ത്രിയിലൊതുക്കാൻ ശ്രമിച്ചാൽ അതും അംഗീകരിക്കാൻ സാധിക്കില്ല";മുരളീധരൻ ചൂണ്ടിക്കാട്ടി.
പത്മകുമാർ പറഞ്ഞതിൽ കടകംപള്ളിക്ക് എതിരായ സൂചനയുണ്ട്. ദേവൻ്റെ ഹിതം നോക്കി പ്രവർത്തിക്കുക എന്നുള്ള പ്രധാന ചുമതലയാണ് തന്ത്രിക്കുള്ളത്. ഒരാളെ അറസ്റ്റ് ചെയ്തു എന്ന് കരുതി എല്ലാവരും അങ്ങനെയല്ല. ഇതിനെല്ലാം നേതൃത്വം നൽകിയ ദേവസ്വം ഭരണസമിതിക്ക് കൈ കഴുകാൻ കഴിയുമോ?കേസിൽ പിടിക്കപ്പെടാൻ ഇനിയും ആളുകൾ ഉണ്ടെന്ന വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.