കെ.സിയോ ചെന്നിത്തലയോ അല്ല, സുധാകരന്റെ ലക്ഷ്യം വി.ഡി. സതീശന്‍

പരസ്യ പ്രസ്താവന പാടില്ലെന്ന് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമുണ്ടായിട്ടും അതൊന്നും കേള്‍ക്കാത്ത മട്ടിലാണ് സുധാകരന്റെ പ്രതികരണങ്ങള്‍
കെ.സിയോ ചെന്നിത്തലയോ അല്ല, സുധാകരന്റെ ലക്ഷ്യം വി.ഡി. സതീശന്‍
Published on
Updated on

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നോ? അടുത്ത മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ചയും തര്‍ക്കവും കോണ്‍ഗ്രസിനുള്ളില്‍ നടക്കുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. മെയ് നാലിനാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ ഇപ്പൊഴേ മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പിടിവലിയും തുടങ്ങി.

കെ. സുധാകരനാണ് പുതിയ വെടിപൊട്ടിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ രമേശ് ചെന്നിത്തല എന്ന് മറുപടി പറഞ്ഞ കെ. സുധാകരന്‍ ഇന്നലെ അത് മാറ്റിപ്പറഞ്ഞു. കെ.സി.വേണുഗോപാല്‍ നേതൃത്വം നല്‍കുന്ന കാലത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് സുധാകരന്റെ പുതിയ നിലപാട്.

കെ.സിയോ ചെന്നിത്തലയോ അല്ല, സുധാകരന്റെ ലക്ഷ്യം വി.ഡി. സതീശന്‍
ഇത് സംഘനൃത്തമാണ്.. സിംഗിളായി നൃത്തം ചെയ്യരുത്, ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പോസ്റ്റിടുന്നത് ആര് ചെയ്താലും ശരിയല്ല: കെ. മുരളീധരൻ

വി.ഡി. സതീശനും കെ. സുധാകരനും തമ്മിലുള്ള ശീതയുദ്ധം ഈ തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ചതല്ല. കെപിസിസി പ്രസിഡന്റ് ആയിരുന്ന ഘട്ടത്തിലും സതീശനുമായി അത്ര സുഖത്തിലായിരുന്നില്ല സുധാകരന്‍. ആ സുഖക്കുറവ് പല ഘട്ടത്തിലും പരസ്യമായി പുറത്ത് കാണിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ഇടഞ്ഞു നില്‍ക്കുന്ന കെ. സുധാകരനെ എങ്ങനെയൊക്കെയോ ആണ് കോണ്‍ഗ്രസ് അനുനയിപ്പിച്ചത്. എന്നാല്‍, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനുള്ള തന്റെ മോഹങ്ങള്‍ക്ക് തടയിട്ടത് വി.ഡി. സതീശനും സണ്ണി ജോസഫുമാണെന്ന് ഉറപ്പിച്ച മട്ടിലാണ് കെ. സുധാകരന്‍. പിണക്കങ്ങളൊക്കെ മാറ്റിവെച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായ സുധാകരന്‍ വി.ഡിയോടുള്ള അതൃപ്തി പറ്റാവുന്ന വേദികളിലെല്ലാം പ്രകടിപ്പിച്ചിട്ടുമുണ്ട്.

യുഡിഎഫ് അധികാരം നേടിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നായിരുന്നു വി.ഡി. സതീശന്‍ മുമ്പ് പറഞ്ഞത്. സതീശന്‍ വാക്ക് പാലിക്കുന്ന നേതാവാണെങ്കില്‍ പോകേണ്ടി വരുമല്ലോ, സ്വാഭാവികമായും അതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട് എന്നായിരുന്നു ഈ പരാമര്‍ശത്തോടുള്ള സുധാകരന്റെ മറുപടി.

കെ.സിയോ ചെന്നിത്തലയോ അല്ല, സുധാകരന്റെ ലക്ഷ്യം വി.ഡി. സതീശന്‍
സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായം പറയാനില്ല, പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്: കെ.സി. വേണുഗോപാൽ

"നേതാവെന്ന നിലയില്‍ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവര്‍ത്തകരുടെ ഇടയില്‍ നിലകൊള്ളാന്‍ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. അത്തരം നേതാക്കള്‍ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവര്‍ത്തന ശൈലിയും, ആത്മാര്‍ത്ഥതയും തന്നെയാണ് ഭാവിയെ നിര്‍ണ്ണയിക്കുന്നത്" എന്നാണ് കെ.സി.യെ പിന്തുണച്ചുള്ള പോസ്റ്റില്‍ സുധാകരന്‍ എഴുതിയത്. ഇതില്‍ ഉന്നം വി.ഡി. സതീശന്‍ ആണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരികള്‍ക്കിടിയിലൂടെ വായിക്കുന്നത്.

ആര് മുഖ്യമന്ത്രിയായാലും അത് വി.ഡി. സതീശന്‍ ആകരുത് എന്നാണ് കെ. സുധാകരന്റെ മനസ്സിലെന്ന് പകല്‍ പോലെ വ്യക്തം. കെ.സി.യെ പിന്തുണച്ചുള്ള സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കണ്ടത് തീര്‍ന്നു എന്ന് കരുതിയ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളാണ്. വി.ഡി. സതീശന്‍ അനുകൂലികളുടെ കമന്റ് വര്‍ഷത്തെ തുടര്‍ന്ന് സുധാകരന് കമന്റ് ബോക്‌സ് ഓഫാക്കേണ്ടതായി വരെ വന്നു.

മുഖ്യമന്ത്രി ആരാകും എന്ന് തീരുമാനിക്കുക ഹൈക്കമാന്‍ഡ് ആണെന്ന് മറ്റ് നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നതിനിടയിലാണ് കെ. സുധാകരന്റെ തനി വഴിയേ ഉള്ള പോക്ക്. പരസ്യ പ്രസ്താവന പാടില്ലെന്ന് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമുണ്ടായിട്ടും അതൊന്നും കേള്‍ക്കാത്ത മട്ടിലാണ് സുധാകരന്റെ പ്രതികരണങ്ങള്‍.

കെ.സിയോ ചെന്നിത്തലയോ അല്ല, സുധാകരന്റെ ലക്ഷ്യം വി.ഡി. സതീശന്‍
ആരാകും കോൺഗ്രസിൻ്റെ മുഖ്യമന്ത്രി? സോഷ്യൽ മീഡിയയിൽ പോര് കനക്കുന്നു

മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയോ വി.ഡി. സതീശനോ എന്ന ആശയക്കുഴപ്പം ഹൈക്കമാന്‍ഡിനു പോലുമുണ്ട്, ഇവിടെയാണ് മൂന്നാമനായി കെ.സി. വേണുഗോപാലിന്റെ പേര് കൂടി വരുന്നത്. ഫലം വരുന്നതിനു മുമ്പ് തന്നെ കോണ്‍ഗ്രസിനുള്ള മുഖ്യമന്ത്രിയെ ചൊല്ലി ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളും സജീവമാക്കി നിര്‍ത്തുക, ഇനി ഫലം അനുകൂലമാണെങ്കില്‍ ഈ തര്‍ക്കങ്ങള്‍ ആളിക്കത്തുമെന്ന് സുധാകരന് നന്നായി അറിയാം. ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നാലെ, സതീശനേയും കെ.സിയേയും ചെന്നിത്തലയേയും പിന്തുണച്ച് മറ്റുള്ളവര്‍ ചാടി വീണതോടെ സുധാകരന്റെ തന്ത്രം ഫലിക്കുകയും ചെയ്തു.

കെ.സിയോ ചെന്നിത്തലയോ അല്ല, സുധാകരന്റെ ലക്ഷ്യം വി.ഡി. സതീശന്‍
സുധാകരന്റെ പ്രസ്താവന അനുചിതം, മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുക ഹൈക്കമാൻഡ്: സണ്ണി ജോസഫ്

തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും കെ.സി.ക്ക് കേരളത്തിലെ കോണ്‍ഗ്രസിലുള്ള സ്വാധീനം ചെറുതല്ലെന്ന് സുധാകരന് നന്നായി അറിയാം. മറ്റ് ഗ്രൂപ്പുകളില്‍ നിന്നും സ്വന്തം പക്ഷക്കാരെയുണ്ടാക്കി അവരെ സ്ഥാനാര്‍ഥികളാക്കിയതില്‍ തന്നെ കെ.സിയുടെ സ്വാധീനം വ്യക്തമാണ്. കണ്ണൂരില്‍ ടി.ഒ. മോഹനനേയും ഇരിക്കൂറില്‍ സജീവ് ജോസഫും കല്യാശേരിയില്‍ രാജീവന്‍ കപ്പച്ചേരിയും മട്ടന്നൂരില്‍ ചന്ദ്രന്‍ തില്ലങ്കേരിയുമെല്ലാം കെ.സി. വേണുഗോപാല്‍ പക്ഷമാണ്. കെ.സി. വേണുഗോപാലിനോടുള്ള അകമഴിഞ്ഞ സ്‌നേഹമല്ല, മറിച്ച്, കൈവിട്ടു പോകുന്ന സ്വാധീനം തിരിച്ചുപിടിക്കാനും വി.ഡി. സതീശനും സണ്ണി ജോസഫിനും ഒരു വെട്ടും ആണ് സുധാകരന്റെ പുതിയ പുഴിക്കടകന് പിന്നിലെന്ന് വ്യക്തം.

യുഡിഎഫ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍, മുഖ്യമന്ത്രിയാകാന്‍ കെ.സി. വേണുഗോപാല്‍ തയ്യാറാണെന്ന സൂചനകളും ഇതിനൊപ്പം പുറത്തുവരുന്നുണ്ട്. ഇരിക്കൂറില്‍ സജി ജോസഫ് എംഎല്‍എ സ്ഥാനം രാജിവെച്ച് കെ.സിക്ക് മത്സരിക്കാന്‍ അവസരമൊരുക്കും. അങ്ങനെ ഇരിക്കൂരില്‍ നിന്ന് ജയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയായി കെ.സി. വേണുഗോപാല്‍ വരും. ഈ രീതിയിലാണ് ചര്‍ച്ചകള്‍.

അതേസമയം, ഇതെല്ലാം കോണ്‍ഗ്രസുകാരുടെ മാത്രം സ്വപ്‌നങ്ങളും പദ്ധതികളുമല്ലെ, തുടര്‍ഭരണം വരുന്നതോടെ ഇതൊക്കെ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി മാറുമല്ലോയെന്നും എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്നുമൊക്കെയാണ് ഇടതു ക്യാമ്പിലെ പ്രതികരണങ്ങള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com