
കണ്ണൂർ: കണ്ണപുരം സ്ഫോടന കേസിലെ പ്രതി പൊലീസ് പിടിയിൽ. അനൂപ് മാലിക് എന്ന അനൂപ് കുമാറാണ് പിടിയിലായത്. കാഞ്ഞങ്ങാട് വച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്.
കണ്ണപുരം കീഴറയിൽ ചെറുകുന്ന് കോൺവെൻറ് ആശുപത്രിക്ക് സമീപത്തെ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ പുലർച്ചെ 1.50 നാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. 200 മീറ്ററിലേറെ ദൂരം പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായി. സ്ഫോടനത്തില്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിച്ചു. ഈ വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിന്റെ ഭാര്യാ സഹോദരനാണ് മുഹമ്മദ് ആഷാം. പടക്കനിർമാണത്തിന് ഉപയോഗിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആംസ് ആൻഡ് എക്സ്‌പ്ലോസീവ്സ് പ്രിവൻഷൻ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനൂപ് മാലിക്കിനെതിരെ സമാന സംഭവങ്ങളിൽ നേരത്തെയും കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ രാഷ്ട്രീയത്തെ ചൊല്ലിയും വിവാദം ശക്തമാകുകയാണ്.
നേരത്തെ സ്ഫോടക വസ്തുക്കൾ അനധികൃതമായി ശേഖരിച്ച കേസുകളിൽ പ്രതിയാണ് അനൂപ്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിൽ സ്ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തതും അനൂപായിരുന്നു. ഇയാൾക്കെതിരെ കണ്ണൂർ, വളപട്ടണം, മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്.