ഉദ്ഘാടനത്തിന് മുന്‍പ് വൈറലായി ഒരു പാലം; കരിപ്പയാറിന് കുറുകെ പണിതുതീർത്ത സമരവിജയം

50 വർഷത്തോളം നീണ്ട സമരപോരാട്ടത്തിന്റെ ചരിത്രം കൂടി ഈ പാലത്തിന് പറയാനുണ്ട്
കരിപ്പയാർ പാലം
കരിപ്പയാർ പാലംSource: News Malayalam 24x7
Published on

തിരുവനന്തപുരം: ഉദ്ഘാടനത്തിന് മുമ്പേ വൈറലായിരിക്കുകയാണ് തിരുവനന്തപുരത്ത് ഒരു പാലം. പ്രകൃതി ഭംഗി നിറഞ്ഞ അമ്പൂരി കുമ്പിച്ചൽ കടവ് പാലമാണ് സമൂഹമാധ്യമങ്ങളിലെ താരം. പാലം കാണാൻ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്ന് വരെ സന്ദർശകർ എത്തുമ്പോൾ,  ഈ പാലത്തിന് 50 വർഷത്തോളം നീണ്ട സമരപോരാട്ടത്തിന്റെ ചരിത്രം കൂടി പറയാനുണ്ട്.

നെയ്യാർ ഡാമിന് ജലസംഭരണി നിർമ്മിച്ചപ്പോൾ അഗസ്ത്യമലയുടെ താഴ്വാരത്ത് കരിപ്പയാറിന്റെ മറുകരയിൽ തുരുത്തായി മാറിയ തൊടുമല എന്ന ഗ്രാമത്തിലെ ജനങ്ങൾ, അരനൂറ്റാണ്ട് മുമ്പ് പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ടു. കരിപ്പയാറിന് കുറുകെ കടക്കുന്നത് സാഹസം തന്നെയായിരുന്നു. ചീങ്കണ്ണികൾ ഉള്ള ജലസംഭരണിയിലൂടെ കടത്തുവള്ളത്തിൽ യാത്ര ചെയ്യേണ്ടി വന്ന കാലം പേടിയോടെ മാത്രമേ തൊടുമലക്കാർക്ക് ഓർക്കാനാകൂ.

കരിപ്പയാർ പാലം
അജിത് കുമാറിനായി വീണ്ടും 'അദൃശ്യ ശക്തി'യുടെ ഇടപെടൽ; വിജിലന്‍സ് റിപ്പോർട്ട് പുറത്തുവിടാതെ സർക്കാർ

കരിപ്പയാറിൽ വെള്ളം കൂടുമ്പോൾ കടത്തുവള്ളമിറക്കാനുമാകില്ല. ഇതുമൂലം ജീവൻ നഷ്ടപ്പെട്ടവരും നിരവധി. ഇതോടെയാണ് തൊടുമലയിലെ 11 ട്രൈബല്‍ സെറ്റിൽമെന്റുകളിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ സമരരംഗത്തേക്ക് ഇറങ്ങിയത്. ഓരോ തെരഞ്ഞെടുപ്പുകളിലും സമരക്കാരുടെ വീര്യം തണുപ്പിക്കാൻ നിരവധി തവണയാണ് പാലത്തിനായി തറക്കല്ലുകൾ ഇട്ടത്. ആ കല്ലുകൾ തറയിൽ തന്നെയിരുന്നു. സമരങ്ങളും നിവേദനം നൽകലും തുടർന്നു. കുമ്പിച്ചൽ കടവിൽ നിന്ന് തൊടുമലയിലേക്ക് കടത്തുവള്ളം മാത്രമായിരുന്നു പിന്നെയും യാത്രാമാർഗം.

സി.കെ. ഹരീന്ദ്രൻ എംഎൽഎയായി വന്നതോടെയാണ് തൊടുമലക്കാരുടെ സമരവും പ്രാർത്ഥനയും നിറവേറിയത്. ആധുനിക രീതിയിൽ തന്നെ വലിയ പാലം നിർമിക്കണമെന്ന എംഎൽഎയുടെ ലക്ഷ്യം യാഥാർത്ഥ്യമായത് സംസ്ഥാന സർക്കാരിന്റെ കിഫ്ബിയിലൂടെ അനുവദിക്കപ്പെട്ട 19 കോടി രൂപ ധനസഹായത്തോടെയാണ്. 253.4 മീറ്റർ നീളമുള്ള ഈ പാലത്തിന് ഏഴ് സ്പാനുകളുണ്ട്. ഇതിൽ രണ്ട് സ്പാനുകൾ കരയിലും അഞ്ച് സ്പാനുകൾ ജലസംഭരണിയിലുമാണ്. 36.25 മീറ്റർ വീതം അകലത്തിലാണ് ഈ സ്പാനുകൾ. 15 മീറ്ററിലധികം ആഴത്തിൽ വെള്ളമുള്ള കുമ്പിച്ചൽകടവിൽ പാലം നിർമിച്ചത് ഫ്ളോട്ടിങ് ബാർജ് ഉപയോഗിച്ച് പൈലിങ് നടത്തിയാണ്. 11 മീറ്റർ വീതിയുള്ള പാലത്തിൽ എട്ട് മീറ്റർ വീതിയുള്ള റോഡും, ഇരുവശങ്ങളിലും നടപ്പാതയുമുണ്ട്. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പാലവും റോഡും വരുന്നതിന്റെ സന്തോഷത്തിലാണ് ജനങ്ങള്‍.

കരിപ്പയാർ പാലം
പത്തനംതിട്ടയെ നയിക്കാന്‍ ചിറ്റയം ഗോപകുമാര്‍; സിപിഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ഉദ്ഘാടനം കഴിയാത്ത ഈ പാലത്തിലൂടെ കാൽനടയാത്ര മാത്രമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. പാലത്തിൽ നിന്നുള്ള മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയതോടെ പാലവും പാലത്തിൽ നിന്നുള്ള കാഴ്ചകളും കാണാൻ സന്ദർശകർ കൂട്ടത്തോടെ എത്തുകയാണ്. കാഴ്ചക്കാർ പാലത്തിൽ നിന്ന് ഫോട്ടോകൾ പകർത്തുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്യുന്നു. തൊടുമലയിലെ 11 സെറ്റിൽമെന്റുകളിലുള്ള ആദിവാസികള്‍ പാലത്തിലൂടെ സുരക്ഷിതമായി കരിപ്പയാറിനെ മറികടന്ന് പോകുന്നതിന്റെ സന്തോഷത്തിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com