

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ബിജെപിയുടെ സീല്‍ വന്ന സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തുനല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇത് കമ്മീഷന്റെ നിഷ്പക്ഷതയും സുതാര്യതയേയും നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.
ക്ലെറിക്കല്‍ പിഴവാണെന്ന കമ്മീഷന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ല. വിഷയത്തെ ലഘൂകരിക്കാന്‍ ആണ് കമ്മീഷന്‍ ശ്രമിക്കുന്നത്. കമ്മീഷന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ബിജെപിയുടെ സ്വാധീനത്തിന് വിധേയമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് സംഭവമെന്നും കത്തില്‍ പരാമര്‍ശം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ഔദ്യോഗിക രേഖയില്‍ ബിജെപിയുടെ സീല്‍ പ്രത്യക്ഷപ്പെട്ടത്. ഔദ്യോഗികമായ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനാസ്ഥയും അലംഭാവവുമാണ് ഇതിലൂടെ പ്രകടമായതെന്നും കത്തില്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലാണ് ബിജെപി സീല്‍ ഉണ്ടെന്ന് സിപിഐഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചത്. 2019 മാര്‍ച്ച് 19ന് കമ്മീഷന്‍ തയ്യാറാക്കിയ കത്താണ് രണ്ട് ദിവസം മുമ്പ് മെയിലില്‍ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ക്രിമിനല്‍ കേസുകള്‍ ഉള്ളവര്‍ക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി ഉള്‍പ്പെടെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അയച്ച മെയിലിലാണ് ബെജിപി സീല്‍ കണ്ടെന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു.