

കോഴിക്കോട്: ജയിൽ വേതനം കൂട്ടിയ സർക്കാർ നടപടിയെ വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. നാട്ടിൽ സാധാരണ ജീവിതം നയിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനവും സൗകര്യങ്ങളും നിലവിൽ ജയിലിലാണെന്നാണ് മുസ്ലീം ലീഗ് നേതാവിൻ്റെ പ്രസ്താവന. ജയിലിൽ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. അത് ലഭിക്കാനായി മനുഷ്യർ ജയിലിൽ പോകാൻ വേണ്ടി മറ്റ് അതിക്രമങ്ങൾ കാണിക്കാതിരുന്നാൽ ഭാഗ്യമെന്നാണ് കരുതേണ്ടതെന്നും കെ.എം. ഷാജി പരിഹസിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിന് ചുവന്ന പെയിന്റടിച്ചതിനെയും കെ.എം. ഷാജി പരിഹസിച്ചു. അവനവന്റെ വീടിന് ചേരുന്ന നിറമാണ് അടിക്കുകയെന്നും, ജയിലുള്ളവരെല്ലാം സഖാക്കളാണെന്നും കെ.എം. ഷാജി പറയുന്നു. വേതനം കൂട്ടിയതും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയാണ്. മുഖ്യമന്ത്രിയ്ക്കും, മരുമകനും മകൾക്കും ജയിൽ പോകുമ്പോൾ കിട്ടേണ്ട തുകയാണ് സർക്കാർ കൂട്ടിയതെന്നും കെ.എം. ഷാജി പറഞ്ഞു.
സിപിഐഎം നേതാവ് എ.കെ. ബാലനെയും മുസ്ലീം ലീഗ് നേതാവ് വിമർശിച്ചു. മൂത്ത് നരച്ച് എ.കെ. ബാലന് ബുദ്ധി കുറവായിരിക്കുന്നു എന്നാണ് കെ.എം. ഷാജിയുടെ വിമർശനം. ബാലൻ ജയിലിൽ പോകാൻ തയ്യാറാണെന്ന് പറയുന്നു. മര്യാദയ്ക്ക് ബാലന് വീട്ടിൽ ഇരുന്ന് ഖുറാൻ വായിക്കാമെന്നും കെ.എം. ഷാജി പറഞ്ഞു.