ഇടുക്കി: ഉപ്പുതറയിൽ പെട്രോളൊഴിച്ച് യുവതിയുടെ ശരീരം കത്തിച്ച നിലയിൽ കണ്ടെത്തി. വസീനയെന്ന സ്ത്രീയുടെ മൃതശരീരമാണ് വീട്ടിലെ ശുചിമുറിക്കുള്ളിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് യുവതിയുടെ മൃതശരീരം കണ്ടെത്തുന്നത്. ലോഡിംഗ് തൊഴിലാളിയായ ഭർത്താവ് ലാലി ജോലിക്ക് പോയ സമയമാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിൽ തിരിച്ചെത്തിയ ലാലി, വസീനയെ കണ്ടില്ല. ശുചിമുറിയിലെ ടാപ്പിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് വസീനയുടെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കാണുന്നത്. ഉടൻ തന്നെ ലാലി സമീപവാസികളെ വിവരമറിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് ജോസഫാണ് വിവരം പൊലീസിനെ അറിയിച്ചത്.
ആദ്യ ഭാര്യയും മക്കളും ലാലിയെ ഉപേക്ഷിച്ച പോയതിന് പിന്നാലെ ഒറ്റക്ക് താമസിക്കുകയായിരുന്ന ലാലി, 4 വർഷം മുമ്പാണ് വസീനയെ രജിസ്റ്റർ വിവാഹം കഴിക്കുന്നത്. വസീനയുടെയും രണ്ടാം വിവാഹമാണിത്. വസീനയ്ക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു.
കായംകുളം സ്വദേശിയാണ് വസീന. ഇരുവർക്കും മക്കളില്ല. ഉപ്പുതറ പൊലീസ്, മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ് ലാലിക്ക് കൃഷിയും ലോഡിംഗുമാണ് ജോലി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.