"വോട്ടു ചോരി മാത്രമല്ല, നോട്ടു ചോരിയും നടക്കുന്നുണ്ട്, അനീതിയാണ് നടക്കുന്നതെന്ന് ഉറക്കെ വിളിച്ചുപറയണം"; കേന്ദ്ര അവഗണനയ്‌ക്കെതിരെ ബജറ്റിലും പ്രതിഷേധം

സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം ചരിത്രത്തിലില്ലാത്ത രീതിയിലാണ് കേന്ദ്രം കവർന്നെടുക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു
K. N. Balagopal
കെ. എൻ. ബാലഗോപാൽ
Published on
Updated on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക അവ​ഗണനയിലും കേരളത്തെ തളരാതെ പിടിച്ചു നിർത്തിയത് നികുതി വരുമാനതിലും നികുതിയേതര വരുമാനത്തിലുള്ള വർധനയാണ്. അതിനെ കയ്യിലെ മാന്ത്രിക ദണ്ഡാണെന്നാണ് ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ പറഞ്ഞത്. അത്രയും അവ​ഗണനയാണ് ഈ സർക്കാരിന്റെ കാലത്ത് കേരളത്തിന് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ബജറ്റ് പ്രസംഗത്തിൽ കേന്ദ്രത്തെത്തിനെതിരെ ആഞ്ഞടിച്ച ധനമന്ത്രി കേന്ദ്ര അവഗണനയെ പ്രതിധിരോധിക്കാനുള്ള ഒന്നാമത്തെ മാർഗം അനീതിയാണ് നടക്കുന്നതെന്ന് വിളിച്ചു പറയലാണെന്നും വ്യക്തമാക്കിയിരുന്നു. കേന്ദ്ര അവ​ഗണനയുടെ ചിത്രം ബജറ്റ് പ്രസംഗത്തിലും നൽകേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം പ്രധാനപ്പെട്ട ആറ് കാര്യങ്ങൾ ഉയർത്തിയാണ് കേന്ദ്രത്തെ വിമർശിച്ചത്.

കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്നുള്ള സംയുക്ത ​ഗവൺമെന്റിന്റെ വലുപ്പം കുറയ്ക്കാനാണ് കേന്ദ്രം നിരന്തരം ശ്രമിക്കുന്നതെന്നാണ് ധനമന്ത്രിയുടെ ആദ്യ വിമർശനം. മൻമോഹൻസിങ്ങിന്റെ കാലത്ത് നിയോലിബറൽ പരിഷ്കാരങ്ങൾ തുടങ്ങിയ കാലം മുതൽ കേന്ദ്രത്തിനെ പിടികൂടിയ ഒരു വ്യാധിയാണിത്. ഏറ്റവും ചെറിയ ഗവൺമെന്റാണ് ഏറ്റവും നല്ല ഗവൺമെന്റ് എന്നതാണ് ആ കാഴ്ചപ്പാട്. സർക്കാരിന്റെ വലുപ്പം കുറയ്ക്കാനുള്ള ഉത്തരവാദിത്തം മുഴുവനും സംസ്ഥാനങ്ങൾക്ക് മുകളിലാണ് കെട്ടിവെയ്ക്കുന്നത്. സംസ്ഥാനങ്ങളുടെ നികുതി വരുമാനവും വായ്പാപരിധിയും വെട്ടിക്കുറയ്ക്കുകയും കൂടുതൽ ചെലവുത്തരവാദിത്തങ്ങൾ കെട്ടിയേൽപ്പിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ നിന്നും വീതം വയ്‌ക്കേണ്ട തുകയുടെ അനുപാതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. വീതം വെക്കേണ്ടാത്ത സെസ്സും, സർചാർജും മറ്റും ഉയർത്തുന്നു. വീതം വയ്‌ക്കേണ്ട കോർപ്പറേറ്റ് നികുതിയിലും മറ്റും വലിയ ഇളവ് നൽകുന്നു. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിൽ മുഖ്യ സ്രോതസായ ജിഎസ്ടിയുടെ നിരക്കുകൾ പോലും കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറച്ചു. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട കോമ്പൻസേഷൻ നൽകിയില്ലെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ട തുക കുറയുന്നതിനോടൊപ്പം അതിൽ കേരളത്തിനുള്ള വിഹിതം കുത്തനെ വെട്ടിക്കുറയ്ക്കുയാണ് കേന്ദ്രം ചെയ്യുന്നത്. പത്താം ധനകമ്മീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്നു കേരളത്തിന്റെ വിഹിതം. ഇത് പതിനഞ്ചാം കമ്മീഷനി ലെത്തിയപ്പോൾ 1.92 ശതമാനമായി കുറഞ്ഞു. കേന്ദ്ര ധനകമ്മീഷൻ ശുപാർശയിൽ പ്രാദേശിക സർക്കാരുകൾക്ക് നൽകുന്ന ഗ്രാന്റിലും കേരളത്തിന്റെ ഓഹരി ഗണ്യമായി കുറഞ്ഞു. പന്ത്രണ്ടാം കമ്മീഷന്റെ കാലത്ത് 4.54 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷനായപ്പോൾ 2.68 ശതമാനമായി ഇടിഞ്ഞു. നികുതിവിഹിതം കുറച്ചതിന്റെ ക്ഷീണം പരിഹരിക്കാനാണ് റവന്യൂ കമ്മി ​ഗ്രാന്റ് അനുവദിച്ചത്. ജിഎസ്ടി വരുമാനത്തിൽ ഇടിവുണ്ടായത് പരിഹരിക്കാനാണ് ജിഎസ്ടി കോമ്പൻസേഷൻ അനുവദിച്ചത്. എന്നാൽ ഈ രണ്ട് ​ഗ്രാന്റും ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിർത്തലാക്കിയെന്നും ധനമന്ത്രി വിമർശിച്ചു.

ഇതൊന്നും കൂടാതെയാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് അനുവദിച്ച അധിക വായ്പാ പരിധി ഇല്ലാതായി. സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥയെ മറികടക്കാൻ കൊണ്ടുവന്ന കിഫ്ബി പദ്ധതിയെ പൂർണമായും റദ്ദ് ചെയ്യുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും കെ.എൻ. ബാല​ഗോപാൽ തുറന്നടിച്ചു. കിഫ്ബി മുൻപ് എടുത്ത വായ്പയും സർക്കാരിന്റെ വായ്പാ പരിധിയിൽ നിന്നും കുറവ് ചെയ്തു. ക്ഷേമപെൻഷനുകൾ കുടിശ്ശികയാകാതിരിക്കാൻ കൊണ്ടുവന്ന പെൻഷൻ കമ്പനിയുടെ വായ്പകളും തിരിച്ചടവ് പരിഗണിക്കാതെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്നും കുറവ് ചെയ്തു. ട്രഷറി അക്കൗണ്ടിലെ നിക്ഷേപങ്ങൾ പോലും സർക്കാരിന്റെ വായ്പയായി പരിഗണിച്ച് വായ്പാ പരിധിയിൽ നിന്നും വെട്ടിക്കുറയ്ക്കുന്ന അനുഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

K. N. Balagopal
കേന്ദ്ര അവഗണനയിലും കേരളം എങ്ങനെ പിടിച്ചുനിന്നു? ധനമന്ത്രിയുടെ കയ്യിലെ 'മാന്ത്രിക ദണ്ഡ്' ഇതാണ്

ആസൂത്രണ കമ്മീഷന്‍ ഇല്ലാതായതോടെ സംസ്ഥാനത്തിന് ലഭിച്ചിരുന്ന പ്ലാൻ ​ഗ്രാന്റ് ഇല്ലാതായി. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചു. ഏറ്റവും ഒടുവിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും കേന്ദ്രം പിന്മാറുകയാണെന്നും ദുരന്തകാലത്ത് ഇന്ത്യയിലെ ഗ്രാമീണ ജീവിതങ്ങൾക്ക് തണലായ തൊഴിലുറപ്പ് പദ്ധതിയുടെ അവസാനത്തിന്റെ ആരംഭം കുറിച്ചു കഴിഞ്ഞെന്നും അദ്ദേഹം വിമർശിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ കേന്ദ്ര സമീപനം മൂലം സംസ്ഥാനത്തിന് പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ 2000 കോടി രൂപയിലധികം അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. കേന്ദ്ര വിഹിതത്തിൽ നിന്നും കേരളത്തിന് കിട്ടാനുള്ള കുടിശികകൾ തൊടുന്യായങ്ങൾ പറഞ്ഞ് നിഷേധിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഇന്ത്യയിൽ വോട്ടുചോരി മാത്രമല്ല നോട്ടുചോരിയും നടക്കുന്നുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു. നോട്ടുചോരി നടക്കുന്നു എന്നതിനു തെളിവ് കേന്ദ്ര സർക്കാർ ഏജൻസികൾ തന്നെ ഹാജരാക്കുന്നുണ്ട്. അടുത്ത കാലത്ത് സിഎജി സംസ്ഥാനങ്ങളുടെ ധനകാര്യം സംബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ട് കേരളത്തെ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്രത്തിന്റെ വിഹിതം. 75 ശതമാനവും സംസ്ഥാനം സ്വന്തം നിലയിൽ കണ്ടെത്തുകയാണ്. രാജ്യത്തെ പൊതുശരാശരി എടുത്താൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതമായി 50 ശതമാനത്തിന് മുകളിൽ ലഭിക്കുമ്പോഴാണ് ഈ അവഗണനയെന്നും അദ്ദേഹം ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.

സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രം തന്നെ അംഗീകരിച്ചുതന്ന കടപരിധിയിൽ നിന്നും 5944 കോടി രൂപ വെട്ടിക്കുറച്ചത് സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലാണ്. അവസാന മാസങ്ങളിൽ സംസ്ഥാനത്തിന്റെ ചെലവുകൾ ഏറ്റവും ഉയർന്നു നിൽക്കുമെന്ന് അറിഞ്ഞ് കൊണ്ടുമാത്രമാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു പ്രഹരം തന്നതെന്നും അദ്ദേഹം പറഞ്ഞു. നടപടി മരവിപ്പിക്കണമെന്ന കേരളത്തിന്റെ അപേക്ഷ ചെവിക്കൊണ്ടില്ല. ഈ വർഷം മാത്രം സംസ്ഥാനത്തിന് അർഹതപ്പെട്ട വരുമാനത്തിൽ നിന്നും വെട്ടിക്കുറച്ചത് 17,000 കോടി രൂപയാണ്. ഇതിനൊക്കെ പുറമെയാണ് 2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്രം കൊണ്ടുവന്നത്.

K. N. Balagopal
12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു; ഡിഎ കുടിശികയും നല്‍കും

കേരളത്തോടുള്ള ഒരു ഇരുട്ടടിയായിട്ടാണ് ഈ നടപടിയെ കാണേണ്ടത്. ഇതുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചതിന്റെ അടുത്ത ദിവസം തന്നെ കേന്ദ്ര ധനകാര്യമന്ത്രിയെ ഡൽഹി യിലെത്തി നേരിൽ കണ്ട് സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കുകയും നടപടി മരവിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രം അത് ചെവിക്കൊണ്ടിട്ടില്ല. ഈ വർഷം മാത്രം സംസ്ഥാനത്തിന് അർഹതപ്പെട്ട വരുമാനത്തിൽ നിന്നും വെട്ടിക്കുറച്ചത് 17,000 കോടി രൂപയാണ്. ഇതിനൊക്കെ പുറമെയാണ് 2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്രം കൊണ്ടുവന്ന ജി.എസ്.ടി നിരക്ക് പരിഷ്കരണം. 8000 കോടിയോളം രൂപ വരെ വാർഷിക നഷ്ടം ഇതിലൂടെ ഉണ്ടാവും. എന്നാൽ സാധാരണക്കാർക്ക് ഈ നികുതി കുറവിന്റെ ഗുണം ലഭിക്കില്ലെന്നും ധനമന്ത്രി ആഞ്ഞടിച്ചു.

സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം ചരിത്രത്തിലില്ലാത്ത രീതിയിലാണ് കേന്ദ്രം കവർന്നെടുക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ആരോഗ്യകരമായി മുന്നോട്ടുപോകുന്ന സംസ്ഥാനങ്ങളാണ് കരുത്തുറ്റ ഒരു യൂണിയന്റെ നിർണായക ഘടകം. എന്നാൽ ഇന്ന് കേന്ദ്രത്തിന്റെ ഉപഗ്രഹങ്ങൾ പോലെ സംസ്ഥാനങ്ങൾ നിലകൊള്ളേണ്ടിവരുന്നു. സർക്കാർ അനുവദിച്ചു നൽകുന്ന വിഹിതം വാങ്ങി ഏറാൻ മൂളികളെ പോലെയാണ് സംസ്ഥാനങ്ങൾക്ക് ഉപജീവിക്കേണ്ടിവരുന്നത്. വരും കാലത്ത് ഒരു രാഷ്ട്രം എന്ന നിലയിൽ ഇന്ത്യ അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾക്ക് മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമായിരിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com