തിരുവനന്തപുരം: ഗോവിന്ദച്ചാമി വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുകയും മറ്റു ജീവനക്കാരുടെ മനോവീര്യം തകർക്കുകയും ചെയ്തു എന്നാണ് ഉത്തരവിൽ പറയുന്നത്.
ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നായിരുന്നു ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിൻ്റെ പ്രതികരണം. ജയിൽ ചാടിയാൽ ഉദ്യോഗസ്ഥൻ്റെ വീട്ടിലെത്തി അയാളെ കെട്ടിയിട്ട് വീട്ടുകാരെ ക്രൂരമായി ബലാൽക്കാരം ചെയ്യുമെന്ന് പറഞ്ഞതായും ഓഫീസർ വെളിപ്പെടുത്തിയിരുന്നു.
കോയമ്പത്തൂരിൽ ചില ശ്‌മശാനങ്ങളിൽ മോഷണ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന ആൾക്കാരാണ് ഗോവിന്ദച്ചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നതായി തടവുകാർ പറഞ്ഞിട്ടുണ്ടെന്നും ജയിലിൽ അറിയിച്ചിട്ടുണ്ട്. ജയിലിൽ വരുന്നതിന് മുമ്പ് പല സ്ത്രീകളേയും ഉപദ്രവിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാൻ വിധിക്കുകയാണെങ്കിൽ ആരാച്ചാർ ഇല്ലെങ്കിൽ താൻ ആരാച്ചാർ ആകാൻ തയ്യാറാണ് എന്നുമായിരുന്നു അബ്ദുൽ സത്താറിൻ്റെ പ്രതികരണം.