SPOTLIGHT | ഭീകരന്‍ ഗോവിന്ദച്ചാമിയെ കൊടുംഭീകരനാക്കിയ ജയിലുകള്‍

രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ മുതല്‍ ബലാല്‍സംഗം പരമ്പരയായി നടത്തിയവര്‍ വരെയുണ്ട്. ഇവരിലോരോരുത്തര്‍ക്കും നിസ്സാരമായി ജയില്‍ ചാടാന്‍ കഴിയും എന്നല്ലേ ഇപ്പോഴത്തെ സംഭവം കാണിച്ചു തന്നത്
News Malayalam 24x7
News Malayalam 24x7
Published on

പതിനാലുവര്‍ഷം ജയിലിലിട്ടാലും ഒരു കൊടുംക്രിമിനലിനു മാനസാന്തരം ഉണ്ടാകില്ല എന്നതിന്റെ തെളിവാണ് ഗോവിന്ദച്ചാമി. കിണറ്റില്‍ കുടുങ്ങിക്കിടക്കുമ്പോഴും കുത്തിക്കൊന്നുകളയും എന്നാണ് ആ ക്രിമിനല്‍ ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വന്നവരോട് കാണിച്ച അശ്ലീല ആംഗ്യങ്ങള്‍ കണ്ട് മാധ്യമങ്ങളോട് ആജന്മശത്രുതയുള്ളവര്‍ കയ്യടിച്ചിട്ടുണ്ടാകും. പക്ഷേ, അക്കാണിച്ചതൊന്നും മാധ്യമങ്ങളെയല്ല, കേരളത്തിലെ ജനതയെത്തന്നെയാണ്. കൊലക്കുറ്റത്തിന് പിടിയിലായപ്പോള്‍ ഗോവിന്ദച്ചാമി ചോദിച്ചത് പായസം കിട്ടിയാല്‍ കുടിക്കാതെ പോകുമോ എന്നാണ്. അയാള്‍ക്ക് അതേ മാനസികാവസ്ഥയാണ്. ഒരു ക്രിമിനലിനും മാനസാന്തരം ഉണ്ടാക്കാന്‍ കഴിയാത്ത സംവിധാനങ്ങളാണ് നമ്മുടെ ജയിലുകള്‍. മോഷണക്കുറ്റത്തിനു പിടിയിലായവര്‍ പുറത്തിറങ്ങിയാല്‍ വീണ്ടും മോഷണം നടത്തുന്നു, കൊല്ലക്കുറ്റത്തിനു പിടിയിലായവര്‍ പുറത്തിറങ്ങായാല്‍ വീണ്ടും കൊലചെയ്യുന്നു, കാപ്പ കേസില്‍ അറസ്റ്റിലായവര്‍ പുറത്തിറങ്ങിയാല്‍ ഗുണ്ടാപ്പണി തന്നെ ചെയ്യുന്നു, ബലാല്‍സംഗം നടത്തുന്നവരെല്ലാം ആജീവനനാന്തം റേപ്പിസ്റ്റുകളായി തുടരുന്നു. എന്തിനാണ് ഇങ്ങനെ ജയിലുകള്‍? ഒരു ക്രിമിനലും നന്നാകുന്നില്ലെങ്കില്‍ പിന്നെന്താണ് ഈ തടവുശിക്ഷയുടെ ഫലം.

ഭീകരന്‍ ഗോവിന്ദച്ചാമിയെ കൊടുംഭീകരനാക്കിയ ജയിലുകള്‍

ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ ജയില്‍ കറക്ഷന്‍ സെന്ററല്ല, കറപ്ഷന്‍ സെന്ററാണ് എന്നാണ് മനസ്സിലാകേണ്ടത്. നല്ല ഒന്നാന്തരം അഴിമതിയാണ് ജയിലില്‍ നടന്നത്. ഇല്ലെങ്കില്‍ ഇത്രയും വലിയൊരു പ്രതിക്ക് രക്ഷപെടാന്‍ വഴിയൊരുങ്ങുമോ. വധശിക്ഷയില്‍ നിന്ന് കഷ്ടിച്ച് ഊരിപ്പോന്നുവെന്നേയുള്ളൂ, കൊടുംക്രിമിനല്‍ തന്നെയാണ്. അങ്ങനെയൊരാള്‍ ചോറിന് പകരം ചപ്പാത്തി ചോദിച്ചെങ്കില്‍ അതെന്തിനാണെന്ന് അന്വേഷിക്കേണ്ടേ? ശരീരഭാരം ഗണ്യമായി കുറയുന്നുണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തേണ്ടേ? ഹാക്‌സോ ബ്ലേഡ് കയ്യില്‍ കിട്ടുന്നുണ്ടെങ്കില്‍ അതെവിടെ നിന്നാണ്? ഇതിനല്ലേ അഴിമതി എന്നു പറയുന്നത്. ജയിലിലെ തുണികള്‍ ഒരു കൊടുംക്രിമിനലിനെ എടുക്കാന്‍ പാകത്തിന് തൂങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അതിനൊരു കാരണം വേണ്ടേ? അതും അഴിമതിയുടെ പരിധിയിലല്ലേ വരുന്നത്? രാത്രി ജയിലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ആരുമറിയാതെ നടക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതില്‍പ്പരം നാണക്കേട് വേറെയുണ്ടോ. ഒറ്റക്കൈ മാത്രമുള്ളയൊരാള്‍ നെടുനീളത്തില്‍ തുണിപിരിച്ചുകെട്ടി തൂങ്ങി ഇറങ്ങിപ്പോയെങ്കില്‍ പിന്നെന്തിനാണ് ജയില്‍. സെന്‍ട്രല്‍ ജയിലാണത്രെ സെന്‍ട്രല്‍ ജയില്‍. 1947ല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മോചനമില്ലാതെ എകെജി കിടന്ന ജയിലാണ് കണ്ണൂരിലേത്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അടിയന്തരാവസ്ഥയില്‍ അടിച്ചു പതംവരുത്തിയതും ഇവിടെ തന്നെയാണ്. മുഖ്യമന്ത്രി അവിടെ കഴിഞ്ഞതുപോലും അന്‍പതുവര്‍ഷം മുന്‍പാണ്. അന്നത്തെ സുരക്ഷാ സംവിധാനങ്ങള്‍ തന്നെയാണ് ഇപ്പോഴും കണ്ണൂരില്‍ ഉള്ളതെങ്കില്‍ കാലം മുന്നോട്ടുപോകുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടംപോലെ നമ്മുടെ സംവിധാനങ്ങളെ പരിഹസിക്കുന്ന മറ്റൊന്നും സമീപകാലത്ത് ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം.

News Malayalam 24x7
ആരാണ് ധര്‍മസ്ഥലയിലെ ആ കൊലയാളി?

കുറ്റവാളികളെ കൊന്നു കളയണോ?

ക്രിമിനലുകള്‍ക്ക് മാനസാന്തരം വരുന്നില്ലെങ്കില്‍ കൊന്നുകളഞ്ഞേക്കണം എന്നു പറയാന്‍ വരട്ടെ. ഗോവിന്ദച്ചാമി പുറത്തിറങ്ങി എന്നു കേട്ടപ്പോള്‍ തട്ടിക്കളയണം എന്നാണ് പലരും ആണയിട്ടത്. കൊലക്കയറില്‍ നിന്ന് ഊരിയത് ശരിയായില്ലെന്നു തെളിഞ്ഞില്ലേ എന്നാണ് മറ്റൊരുകൂട്ടര്‍ ആവര്‍ത്തിച്ചത്. ജയില്‍ എന്ന സംവിധാനം കുറ്റവാളികള്‍ പുറത്തിറങ്ങാതെ നോക്കാനുള്ളതല്ല. അവരുടെ മാനസിക പരിവര്‍ത്തനത്തിനുള്ള ഇടമാണ്. കൊടുംകുറ്റം ചെയ്യുന്നവരെ ജീവപര്യന്തരവും അല്ലാത്തവരെ കുറ്റത്തിന്റെ കാഠിന്യമനുസരിച്ചുള്ള വര്‍ഷങ്ങളും അകത്തിടുന്നത് അതിനാണ്. അത് മാനസിക പരിവര്‍ത്തനത്തിനുള്ള കാലമാണ്. തടവുശിക്ഷ എന്നാണ് പറയുന്നതെങ്കിലും തടവ് ഒരു ശിക്ഷയല്ല, നന്നാക്കാനുള്ള മാര്‍ഗമാണ്. നമ്മുടെ ജയിലുകളിലേക്കു പോകുന്ന ഒറ്റയാളെങ്കിലും നന്നായി തിരികെ വരുന്നുണ്ടോ എന്നതാണ് പരമമായ ചോദ്യം. മോഷ്ടാക്കള്‍ വീണ്ടും മോഷണം നടത്തുകയും തട്ടിപ്പുകാര്‍ തട്ടിപ്പു തുടരുകയും പോക്‌സോ കേസില്‍ അറസ്റ്റിലാകുന്നവര്‍ വീണ്ടും അതേ കുറ്റം ചെയ്യുകയുമാണ്. പിന്നെന്താണ് ഈ തടവുകൊണ്ടുള്ള നേട്ടം? ഇപ്പോഴൊക്കെയായി ഏതു ക്രിമിനല്‍ കേസിലും പിടിയിലാകുന്നവരുടെ ഒപ്പം ഒരു വാചകംകൂടി ഡിഫോള്‍ട്ടായി ഉണ്ടാകും. നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിക്കെതിരേ ഉണ്ടെന്ന് പൊലീസ് പറഞ്ഞു എന്നതാകും ആ വാചകം. സ്ഥിരം ക്രിമിനലുകളെ സുസ്ഥിര ക്രിമിനലുകളാക്കുന്ന സംവിധാനമാണ് നമ്മുടെ ജയിലുകള്‍ എന്ന് ഓര്‍മിപ്പിക്കുകയാണ് ഗോവിന്ദച്ചാമി.

News Malayalam 24x7
ഇതാണ് ആ സെല്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമി മുറിച്ചുമാറ്റിയ അഴി

ചപ്പാത്തി മാനുഫാക്ചറിങ് യൂണിറ്റ്

ജയിലുകള്‍ ചപ്പാത്തി നിര്‍മാണ കേന്ദ്രങ്ങളാക്കിയത് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ കാലത്താണ്. ആ ഡിജിപി ഇപ്പോള്‍ പൂര്‍വ ജന്മത്തില്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു എന്ന വലിയ വെളിപ്പെടുത്തലുമായി നടക്കുകയാണ്. ഐപിഎസ് കിട്ടുന്ന എല്ലാവരും ഐക്യു പരീക്ഷ പാസാകുന്നവരാകണം എന്നു നിര്‍ബന്ധമില്ല. പക്ഷേ ജയിലില്‍ ചുമതല വഹിക്കുന്നവര്‍ക്കെങ്കിലും കുറച്ച് കോമണ്‍സെന്‍സ് ഉണ്ടാകണം. ഗോവിന്ദച്ചാമിയെപ്പോലെ ക്രിമിനല്‍ മനസ്സ് കൊണ്ടുനടക്കുന്നവരൊക്കെ എന്തൊക്കെ ചെയ്യുമെന്നുള്ള സാമാന്യബോധമെങ്കിലും ഉണ്ടാകണം. മാസങ്ങളായി നടത്തിയ പണികളാണ് ഈ ജയില്‍ചാട്ടത്തിലെത്തിയത്. ആസൂത്രണം ആറുമാസം മുന്‍പു തുടങ്ങിയത് ഭക്ഷണക്രമീകരണത്തിലാണ്. ഇക്കാലത്തൊന്നും ഒരു സംശയവും ജയിലിലെ ഏമാന്‍മാര്‍ക്കു തോന്നിയിട്ടില്ലെങ്കില്‍ ഇനി എന്താണ് പറയേണ്ടത്. എന്തെങ്കിലും പറഞ്ഞിട്ടു കാര്യമുണ്ടോ. ജയിലര്‍മാരെയെല്ലാം ദുര്‍ഗുണ പരിഹാര പാഠശാലയിലോ മറ്റൊ അയച്ച് ജയില്‍ച്ചട്ടം പഠിപ്പിക്കണം. ഒരു സെന്‍ട്രല്‍ ജയിലിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റു ജയിലുകളിലെ കാര്യം പറയാനുണ്ടോ? ഏതൊക്കെത്തരം ക്രിമിനലുകള്‍ വസിക്കുന്ന സ്ഥലമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ മുതല്‍ ബലാല്‍സംഗം പരമ്പരയായി നടത്തിയവര്‍ വരെയുണ്ട്. ഇവരിലോരോരുത്തര്‍ക്കും നിസ്സാരമായി ജയില്‍ ചാടാന്‍ കഴിയും എന്നല്ലേ ഇപ്പോഴത്തെ സംഭവം കാണിച്ചു തന്നത്.

ഗോവിന്ദച്ചാമി എന്തുചെയ്യുമായിരുന്നു?

പുറത്തിറങ്ങിയ ഗോവിന്ദച്ചാമിയുടെ മുന്നില്‍പെട്ടാല്‍ എന്തുസംഭവിക്കും. സ്ത്രീകള്‍ ആണെങ്കില്‍ മറ്റൊരു സൗമ്യകേസ് ഉണ്ടാകുമായിരുന്നു എന്നാണ് ആ പെരുമാറ്റത്തില്‍ നിന്നു മനസ്സിലാക്കേണ്ടത്. കിണറ്റില്‍ കിടന്നും ഗോവിന്ദച്ചാമി നടത്തിയത് കൊലവിളിയാണ്. പൊലീസിന്റെ കസ്റ്റഡിയിലായിട്ടും അശ്ലീല ആംഗ്യങ്ങളാണ് ആവര്‍ത്തിച്ചത്. ഇങ്ങനെയൊരു പ്രതിയെ മോചനം കിട്ടാത്ത വിധം ജയിലിലിടണമെന്ന് കോടതി വിധിക്കുന്നത് ഇക്കാരണങ്ങളാലാണ്. ഇവര്‍ ആരുടേയും അനുകമ്പ അര്‍ഹിക്കുന്നില്ല. അതുകൊണ്ടുമാത്രം കൊന്നു കളയാനും ആവില്ല. ജീവനെടുക്കുന്ന ഒരു സംവിധാനവും മനുഷ്യത്വമില്ലാത്തതാണ്. ഗോവിന്ദച്ചാമിയെ തൂക്കിലേറ്റിയതുകൊണ്ട് മറ്റു ബലാല്‍സംഗികളൊന്നും നന്നാവില്ല. അങ്ങനെ നന്നാവാനായിരുന്നെങ്കില്‍ ആദ്യം പരിവര്‍ത്തനം ഉണ്ടാകേണ്ടിയിരുന്നത് ഗോവിന്ദച്ചാമിക്കായിരുന്നു. കൊലക്കുറ്റത്തിന് വധശിക്ഷ ആവശ്യമില്ല എന്നുപറയുന്നത് ഇതുകൊണ്ടാണ്. മര്‍ദനവും പീഡനവും കൊണ്ടും ഗോവിന്ദച്ചാമി നന്നാകാന്‍ പോകുന്നില്ല. ഗോവിന്ദച്ചാമി നന്നായില്ലെങ്കിലും ജയില്‍ വകുപ്പിന് നന്നാകാന്‍ ഒരവസരം കൂടി കിട്ടി. ഇനിയെങ്കിലും നന്നായില്ലെങ്കില്‍ പിന്നെ പ്രതീക്ഷ വേണ്ട. സംസ്ഥാന ജയില്‍ വകുപ്പിന്റെ ഇപ്പോള്‍ കുനിഞ്ഞിരിക്കുന്ന തല നിവരാന്‍ കുറെ സമയം എടുക്കും. അത്രവലിയ ആഘാതമാണ് ആ ഒറ്റക്കയ്യന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com