
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത് ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയോട്ടി തകര്‍ന്ന് തലച്ചോര്‍ പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്വാസകോശം, ഹൃദയം, കരള്‍ ഉള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് ബിന്ദു മരിച്ചത്. അപകടത്തില്‍ കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത് അല്‍പ്പസമയം കഴിഞ്ഞാണ് ബിന്ദു മരണപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം ഒന്നര മണിക്കൂര്‍ വൈകിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത് ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ പതിനാലാം വാര്‍ഡ് കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടം ഉപയോഗശൂന്യമെന്നും കെട്ടിടത്തിനടിയില്‍ ആരും കുടുങ്ങിയിട്ടില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും മന്ത്രി വി. എന്‍. വാസവന്റെയും ആദ്യ പ്രതികരണം. അപകടത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നും, മറ്റാരും കെട്ടിടത്തിനടിയിലില്ലെന്നും മന്ത്രിമാരുള്‍പ്പെടെ ഉറപ്പിച്ചു പറഞ്ഞതിന് പിന്നാലെയാണ് ബിന്ദുവിന്റെ മരണവാര്‍ത്ത പുറത്തുവന്നത്.
ബിഎസ്സി വിദ്യാര്‍ത്ഥിയായ മകള്‍ നവമിയുടെ ചികിത്സക്കായി ആയിരുന്നു അമ്മയും മകളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയക്ക് മുമ്പുള്ള കിടത്തി ചികിത്സക്കാണ് അഡ്മിറ്റായത്. ഇന്നലെ രാവിലെ കുളിക്കാനായി ജീര്‍ണാവസ്ഥയിലുള്ള കെട്ടിടബ്ലോക്കിലെ ശുചിമുറിയിലേക്ക് പോയ ബിന്ദു തിരികെയെത്തേണ്ട സമയം കഴിഞ്ഞും മടങ്ങിവരാതിരുന്നപ്പോള്‍ നവമി അമ്മയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ കിട്ടിയില്ല. വിശ്രുതന്‍ ആശുപത്രി മുഴുവന്‍ ഭാര്യയെ തേടി അലഞ്ഞു. ഈ സമയമെല്ലാം കോണ്‍ക്രീറ്റ് അടരുകള്‍ക്കുള്ളിലായിരുന്നു ബിന്ദു.
ജീര്‍ണാവസ്ഥയിലുള്ള കെട്ടിടബ്ലോക്കിലെ ശുചിമുറിയിലേക്ക് പോയ അമ്മ തിരികെ എത്തിയിട്ടില്ലെന്ന് മകള്‍ പറഞ്ഞതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്.
ബിന്ദുവിന്റെ മരണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ഫോണില്‍ സംസാരിച്ചു.
സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നാളെ ആരോഗ്യ മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തും.