കോഴിക്കോട്: തിരുവമ്പാടിയിൽ മുസ്ലീം ലീഗിലെ വിമത നീക്കം കൂടുതൽ ശക്തമാവുന്നു. 'കേഡേഴ്‌സ് മീറ്റ് 25' എന്ന പേരിൽ വിമത വിഭാഗം പ്രകടനവും കൂട്ടായ്മയും നടത്തി. പാർട്ടിയുടെ അച്ചടക്കം ആരു ലംഘിച്ചാലും കർശന നടപടിയെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ലീഗ് വിമതരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലിയും കൂട്ടായ്മയും നടന്നത്. തിരുവമ്പാടി പഞ്ചായത്തിലെ മുസ്ലീം ലീഗിൽ നിന്നും പുറത്താക്കിയവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. തിരുവമ്പാടി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലായിരുന്നു യോഗം. നിലവിലെ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, തിരുവമ്പാടി ജിസിസി , കെഎംഎംസിസിയുടെ പേരിൽ നേതൃത്വത്തിൻ്റെ അനുമതിയില്ലാതെ കുടുംബസംഗമം സംഘടിപ്പിച്ചതിന് ലീഗ് പുറത്താക്കിയ കെ.എ. അബ്ദുറഹിമാന്റെ നേതൃത്വത്തിലാണ് വിമതരുടെ കൂട്ടായ്മ നടന്നത്. 'കേഡേഴ്‌സ് മീറ്റ് 25' എന്ന പേരിൽ മുസ്ലീം ലീഗിൻ്റെ കൊടി ഉൾപ്പടെ ഉപയോഗിച്ചായിരുന്നു പ്രകടനവും യോഗവും.
എന്നാൽ, തിരുവമ്പാടിയിലെ ലീഗ് വിമതർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും, ഒരു വിമത പ്രവർത്തനവും അനുവദിക്കില്ലെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ മുന്നറിയിപ്പ് നൽകി. പാർട്ടി വിരുദ്ധ പ്രവർത്തനം ആരും സ്വീകരിച്ചാലും നടപടി ഉണ്ടാകുമെന്നും തങ്ങൾ വ്യക്തമാക്കി.
ഏറെ നാളായുള്ള തിരുവമ്പാടിയിലെ വിമത പ്രശ്നം പരിഹരിക്കാൻ സംസ്ഥാന കമ്മിറ്റി പാറക്കൽ അബ്ദുല്ല, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമതരുടെ കഴിഞ്ഞ ദിവസത്തെ യോഗമെന്നതും ലീഗ് സംസ്ഥാന നേതൃത്വം ഗൗരവത്തോടെ കാണുന്നുണ്ട്.