കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം സഘടിപ്പിച്ച് എൽഡിഎഫ്. യോഗത്തിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ഇ.പി. ജയരാജനും ഷാഫി പറമ്പിൽ എംപിയെയും കെ.സി. വേണുഗോപാലിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഷാഫിക്കും കോൺഗ്രസ്സിനും മുന്നറിയിപ്പുമായി ഇപി ഭീഷണിപ്രസംഗവും നടത്തി. സിപിഐഎമ്മിന്റെ മെക്കിട്ട് കയറാൻ നോക്കിയാൽ ചൂടറിയുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
വടകര എംപി ഷാഫി പറമ്പിലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കൊണ്ടാണ് എൽഡിഎഫ് കൺവീനറും പേരാമ്പ്ര എംഎൽഎയുമായ ടി.പി. രാമകൃഷ്ണൻ പ്രസംഗം ആരംഭിച്ചത്. എംപി അക്രമികളോടൊപ്പം ചേർന്ന് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതായി ടി.പി. രാമകൃഷ്ണൻ ആരോപിച്ചു.
ഷാഫി പറമ്പിൽ എംപിക്ക് പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം യുഡിഎഫിനാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. പൊലീസിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയ റൂറൽ എസ്‌പിക്കെതിരെ ടി.പി. രാമകൃഷ്ണന്റെ പരോക്ഷ വിമർശനവും നടത്തി. സമ്മർദത്തെത്തുടർന്നുള്ള പൊലീസിന്റെ ചാഞ്ചാട്ടം നല്ലതിനല്ലെന്നാണ് ടി.പി. രാമകൃഷ്ണൻ്റെ വിമർശനം.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പം നടക്കുന്ന കെ.സി. വേണുഗോപാൽ ആ നിലവാരം എങ്കിലും പുലർത്തണമെന്നായിരുന്നു ഇ.പി. ജയരാജൻ്റെ വിമർശനം. യുഡിഎഫ് കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലെ കെ.സി. വേണുഗോപാലിന്റെ വാക്കുകൾക്കായിരുന്നു ഇപിയുടെ വിമർശനം.
മുല്ലപ്പള്ളിയുൾപ്പടെയുള്ള മുതിർന്ന നേതാക്കൾ അലങ്കരിച്ച എംപി പദവിയിൽ ഇപ്പോഴുള്ളയാൾക്ക് ധിക്കാരവും അഹംഭാവവുമാണെന്ന് ഇ.പി. ജയരാജൻ തുറന്നടിച്ചു. ആ രീതി കോൺഗ്രസ്സ് ഓഫീസിൽ കാണിച്ചാൽ മതിയെന്നും, സിപിഐഎമ്മിന്റെ മെക്കിട്ട് കയറാൻ വന്നാൽ ചൂടറിയുമെന്നും ഇപി ഭീഷണിപ്പെടുത്തി.