ബിജെപിയുടെ കണക്കുക്കൂട്ടൽ പിഴച്ചു; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കൊടുങ്ങല്ലൂർ നഗരസഭ പിടിച്ചെടുത്ത് എൽഡിഎഫ്

പവറും പണവും ആവോളം ഉപയോഗിച്ചായിരുന്നു ബിജെപി പ്രചാരണം
കൊടുങ്ങല്ലൂർ നഗരസഭ
കൊടുങ്ങല്ലൂർ നഗരസഭSource: News Malayalam 24x7
Published on
Updated on

തൃശൂർ: സംസ്ഥാനമാകെ ഉറ്റുനോക്കിയ രാഷ്ട്രീയ മത്സരമായിരുന്നു കൊടുങ്ങല്ലൂർ നഗരസഭയിലേത്. എൽഡിഎഫും ബിജെപിയും തമ്മിലുള്ള നേർക്ക് നേർ പോരാട്ടം. ഒറ്റ സീറ്റ് വ്യത്യാസത്തിൽ മാത്രം കഴിഞ്ഞ തവണ കടന്ന് കൂടിയ എൽഡിഎഫ് ഇക്കുറി ഗംഭീരമായ തിരിച്ച് വരവാണ് നടത്തിയത്. എന്നാൽ കണക്കു കൂട്ടലുകളെല്ലാം പിഴച്ച ബിജെപിക്ക് ഞെട്ടിക്കുന്ന പരാജയമാണ് നേരിടേണ്ടി വന്നു.

അരനൂറ്റാണ്ടിലേറെക്കാലത്തെ ഇടതു പക്ഷ ഭരണം നിലനിന്ന നഗരസഭ. എന്നാൽ 2020ൽ ബിജെപിയുടെ കുതിപ്പിൽ ഇടതുപക്ഷമാകെ ആടിയുലഞ്ഞു. ഒറ്റ സീറ്റിന്റെ ബലത്തിൽ എൽഡിഎഫ് രക്ഷപ്പെട്ട സമയംതൊട്ട് കൊടുങ്ങല്ലൂരും രാഷ്ട്രീയ കേരളവും കാത്തിരുന്നതാണ് 2025ലെ തദ്ദേശ പോരാട്ടം.

മാസങ്ങളോളം നടത്തിയ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കൊടുവിൽ നാടും നഗരവും ഇളക്കി മറിച്ചാണ് മുന്നണികൾ പ്രചാരണം പൂർത്തിയാക്കിയത്. പവറും പണവും ആവോളം ഉപയോഗിച്ചായിരുന്നു ബിജെപി പ്രചാരണം. എന്നാൽ ആസൂത്രിതമായ സംഘടനാ പ്രവർത്തനമായിരുന്നു എൽഡിഎഫിന്റെ കരുത്ത്. അതിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയത് യുവ സിപിഐഎം നേതാവായ മുഷ്താഖ് അലിയാണെന്ന് സംശയമില്ലാതെ പറയാനാവും.

കൊടുങ്ങല്ലൂർ നഗരസഭ
‘കാലിഫോർണിയൻ സൺഷൈൻ’, ഓറഞ്ച് നിറമുള്ള എൽഎസ്‌ഡി; കേരളത്തിൽ ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടെത്തിച്ച ലഹരി മരുന്ന് പിടികൂടി

കഴിഞ്ഞ തവണത്തെ 22 സീറ്റിൽ നിന്നും ഇത്തവണ 25 ഇടങ്ങളിൽ വിജയിച്ചാണ് എൽഡിഎഫ് വീണ്ടും കൊടുങ്ങല്ലൂരിലെ ജനവിധി അനുകൂലമാക്കിയത്. 2020ൽ 21 സീറ്റ് നേടിയ ബിജെപിയാകട്ടെ കണക്കുകൂട്ടലുകൾ പിഴച്ച് 18ലേക്ക് ചുരുങ്ങി. എന്നാൽ സിറ്റിങ് വാർഡുകളിൽ നാലെണ്ണം കൈവിടേണ്ടി വന്നതാണ് ബിജെപിയുടെ പരാജയത്തിന് ആക്കം കൂട്ടുന്നത്. അതേസമയം നഗരസഭയിൽ ഒറ്റ സീറ്റിൽ മാത്രം മുൻപ് ഒതുങ്ങിയ കോൺഗ്രസിനും ഇത്തവണ മൂന്ന് സീറ്റുകൾ നേടി നിലമെച്ചപ്പെടുത്താനായി.

ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ എല്ലാ മുന്നണികൾക്കും കൊടുങ്ങല്ലൂർ ചില പാഠങ്ങൾ ബാക്കി വെയ്ക്കുന്നുണ്ട്. 45 സീറ്റിൽ മത്സരിച്ച ബിജെപി 27 ഇടങ്ങളിലും പരാജയപ്പെട്ടത് വേരോട്ടമുള്ള മണ്ണിലും അവരുടെ സംഘടനാ ദൗർബല്യമാണ് വ്യക്തമാക്കുന്നത്. 24 ഇടങ്ങിൽ മത്സരിച്ച് 17 സീറ്റുകളിലാണ് സിപിഐഎമ്മിന് വിജയിക്കാനായത്. 22 സീറ്റുകളിൽ മത്സരിച്ച സിപിഐക്ക് ആവട്ടെ രണ്ട് വാർഡുകൾ കൂടി നഷ്ടപ്പെട്ട് എട്ട് ഇടങ്ങളിലേക്ക് ചുരുങ്ങേണ്ടി വന്നു.

കൊടുങ്ങല്ലൂർ നഗരസഭ
വിസി നിയമനത്തിൽ ഗവർണർ-സർക്കാർ സമവായം, സിസാ തോമസ് കെടിയു വൈസ് ചാൻസലർ; ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വിസി

സിപിഐയുടെയും മുന്നണി ബന്ധത്തിന്റെയും കരുത്ത് എൽഡിഎഫിന് ചോരുന്നത് കാട്ടിത്തരുന്നതാണ് ഫലം. എൽഡിഎഫും ബിജെപിയും തമ്മിലുള്ള പോരാട്ടം ആയിരുന്നെങ്കിലും 35 ഇടങ്ങളിലാണ് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടത്. അതുകൊണ്ട് തന്നെ സംഘടനാ സംവിധാനങ്ങളാകെ അടിമുടി ഉടച്ച് വാർത്തിട്ടല്ലാതെ കോൺഗ്രസും യുഡിഎഫും കൊടുങ്ങല്ലൂരിലേക്ക് തിരിഞ്ഞ് നോക്കേണ്ടതില്ലെന്ന യാഥാർഥ്യവും ഈ തെരഞ്ഞെടുപ്പിന് ശേഷം ബാക്കിയാവുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com