കാസർഗോഡ്: ബന്തടുക്ക മാണിമൂല, കണ്ണാടിത്തോട് മേഖലയിലെ ജനങ്ങൾ പുലിപ്പേടിയിൽ. രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് സ്ഥലത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞദിവസം, വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയേയും പുലി അക്രമിച്ചു.
കണ്ണാടിതോടിലാണ് ആദ്യം പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ചതുപ്പിൽ പതിഞ്ഞ കാലടിയും മരത്തിലെ പാടുകളും പുലിയുടേതാണെന്ന നാട്ടുകാരുടെ സംശയത്തെ തുടർന്ന് വനംവകുപ്പ് എത്തി പരിശോധന നടത്തി. എന്നാൽ ഇടയ്ക്ക് മഴ പെയ്തതോടെ കാൽപ്പാട് വ്യക്തമല്ലാതായി. ഇതിനിടയിലാണ് മാണിമൂലയിലെ കെ. ടി. സുകുമാരന്‍റെ നായയ്ക്ക് കടിയേറ്റത്.
ഞായറാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. വീട്ടു മുറ്റത്തിന് സമീപമുള്ള ഷെഡിൽ ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന നായയുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ ഏതോ ജീവി ഓടിപ്പോകുന്നതായി കണ്ടു.
നായയുടെ കഴുത്തിൽ ആഴത്തിൽ പല്ല് പതിഞ്ഞ പാടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തായി കാൽപ്പാടും കണ്ടെത്തി. വനംവകുപ്പ് ബന്തടുക്ക സെക്ഷന്‍ അധികൃതർ സ്ഥലം സന്ദർശിച്ച് കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു.
കർണാടക വനാതിർത്തിയായതിനാൽ ആന, പന്നി, കുരങ്ങ് ഉൾപ്പെടെയുള്ളവ സ്ഥിരമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാറുണ്ട്. ഇതിന് പുറമെയാണ് പുലഭീതി. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ, വനംവകുപ്പ് മേഖലയിൽ പരിശോധന കർശനമാക്കി. അടുത്ത ദിവസങ്ങളിൽ മേഖലയിൽ ക്യാമറകൾ സ്ഥാപിക്കും.