
ഈ വർഷം ഒക്ടോബറിൽ ലയണൽ മെസ്സി കേരളത്തിൽ എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രി വി. അബ്ദുറഹിമാൻ. സ്പോൺസറുടെ താൽപ്പര്യപ്രകാരം ഈ വർഷം ഒക്ടോബറിൽ തന്നെ വരാൻ കഴിയില്ലെന്ന് അർജൻ്റീന അറിയിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
"ആ സമയത്ത് മാത്രമേ തങ്ങൾക്ക് പറ്റൂവെന്ന് സ്പോൺസറും പറഞ്ഞു. മെസ്സി വരില്ലെന്ന് മാധ്യമങ്ങൾ അല്ല തീരുമാനിക്കേണ്ടത്. കേരളം ഈ കരാറിൽ വിട്ടവീഴ്ച ചെയ്തിട്ടില്ല," കായികമന്ത്രി പറഞ്ഞു.
അതേസമയം, അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഡിസംബറില്‍ മുംബൈയിലെ വാംഖഡെയില്‍ ക്രിക്കറ്റ് കളിച്ചേക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബര്‍-ഡിസംബര്‍ സീസണില്‍ ഇന്ത്യയില്‍ പര്യടനത്തിന് എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും ആയിരുന്നില്ല. അതിനിടെയാണ് മെസിയുടെ സന്ദര്‍ശനം ഉറപ്പിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്.
"ഡിസംബര്‍ 14ന് മെസി വാംഖഡെയില്‍ എത്തും. നിലവിലെ താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കുമൊപ്പം മെസി ക്രിക്കറ്റ് മത്സരത്തിലും പങ്കാളിയായേക്കും. എല്ലാക്കാര്യങ്ങളും അന്തിമമായശേഷം, സംഘാടകര്‍ സമ്പൂര്‍ണ ഷെഡ്യൂള്‍ പുറത്തുവിടുമെന്നും" എം.സി.എ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു.