

മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ വൻ ട്വിസ്റ്റ്. യുവതി കടന്നുകൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാൻ പദ്ധതിയിട്ടത് യുവതിയും ഭർത്താവും സുഹൃത്തും ചേർന്നാണ്. സ്വർണം സ്വീകരിക്കാനെത്തിയ ആളുടെ കണ്ണുവെട്ടിച്ചുകൊണ്ടുപോകാനായിരുന്നു നീക്കം. സംഭവത്തിൽ കണ്ണൂർ സ്വദേശി പ്രിയങ്ക, ഭർത്താവ് റിനീഷ് ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ.
എയർപോർട്ടിൽ സ്വർണം വാങ്ങാൻ കാത്തുനിന്ന മട്ടന്നൂർ സ്വദേശിയാണ് തട്ടിക്കൊണ്ടുപോകുന്ന പൊലീസിനെ അറിയിക്കുന്നത്. വിവരത്തെ തുടർന്ന് പൊലീസ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനെ ചേസ് ചെയ്ത് പിടിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തന്ത്രപരമായി ആസൂത്രണം ചെയ്തതാണെന്ന് മനസ്സിലാക്കുന്നതും, യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ഭർത്താവും സുഹൃത്തും കൂടിയാണെന്ന് തെളിയുന്നതും.
എട്ടും പത്തും വയസ്സുള്ള കുട്ടികൾക്ക് ഒപ്പമാണ് യുവതി സ്വർണവുമായി എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ച ഇവരെ തട്ടിക്കൊണ്ടുപോയെന്ന് വരുത്താനായിരുന്നു നീക്കം. പിടിയിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു.