മലപ്പുറം: വനം വകുപ്പ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായി പൊതു പ്രവർത്തകന്‍. അഞ്ച് വർഷം മുമ്പ്, തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി അകമ്പാടത്തെ പൊതുപ്രവർത്തകനും കർഷകനുമായ ബൈജു ആൻഡ്രൂസ് ആരോപിച്ചു.
കാര്യം എന്തെന്ന് പോലും അറിയിക്കാതെ അഞ്ചോളം ഉദ്യോഗസ്ഥർ വളഞ്ഞിട്ട് തല്ലുകയായിരുന്നു എന്നാണ് ബൈജു ആന്‍ഡ്രൂസ് പറയുന്നത്. കെട്ടിയിട്ടും മർദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും ബൈജു അറിയിച്ചു.
2020 കോവിഡ് കാലത്താണ് പരാതിക്ക് ആസ്പദമായ സംഭവം. അകമ്പാടത്ത് സുഹൃത്തുമായി ചേർന്ന് ബൈജു ആന്‍ഡ്രൂസ് കപ്പ കൃഷി ചെയ്തിരുന്നു. മാനിനെ വെടിവെച്ച് കൊന്ന കേസില്‍ ഈ സുഹൃത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ബൈജുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അറിയാത്ത തന്നെ ഉദ്യോഗസ്ഥർ ചേർന്ന് മർദിച്ചുവെന്നാണ് ബൈജുവിന്റെ പരാതി.
ബൈജുവിനെ വനം വകുപ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോവിഡ് കാലമായതു കൊണ്ട് കോടതി ഓൺലൈൻ ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഉദ്യോഗസ്ഥരെ പേടിച്ച് മർദനമേറ്റ വിവരം കോടതിയിൽ പറഞ്ഞില്ല. വനം വകുപ്പ് സ്റ്റേഷനില്‍ സിസിടിവി ഇല്ലാത്തിനാല്‍ അവിടെ നിന്നുള്ള ദൃശ്യങ്ങളും ലഭ്യമല്ല.
അതേസമയം, കുന്നംകുളം പൊലീസ് മർദനം രാഷ്ട്രീയ വിവാദമായി മാറിയതിനു പിന്നാലെ സമാനമായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സമ്മർദം ഏറിയതോടെ സംസ്ഥാനത്തെ പൊലീസ് സേനയെ ആകെ നാണം കെടുത്തിയ കുന്നംകുളം, പീച്ചി കസ്റ്റഡി മർദനങ്ങളിൽ നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ കൊടിയ മർദനത്തിരയാക്കിയ നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും. പീച്ചിയിൽ ഹോട്ടൽ ജീവനക്കാരെ തല്ലിയ എസ്ഐ രതീഷിനെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത.