പരമാവധി ശിക്ഷ ലഭിച്ചില്ല, ശിക്ഷയിൽ കുറവുണ്ടോ എന്ന് പരിശോധിച്ച് തുടർനടപടി; സജി ചെറിയാൻ
നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്ക് പരാമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രമാദമായ കേസിൽ ശിക്ഷയിൽ കുറവുണ്ടോ എന്ന് പരിശോധിച്ചു തുടർനടപടി സ്വീകരിക്കും. അപ്പീൽ പോകുമ്പോൾ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ ശ്രമിക്കും. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ച ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ആറ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. അപ്പീൽ പോകുമെന്ന കാര്യം നേരത്തെ അറിയിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയുടെ പോരാട്ടത്തെ അഭിമാനത്തോടെ കാണുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വ്യക്തമാക്കി. കോടതിവിധി നിരാശയുണ്ടാക്കി. സ്ത്രീത്വത്തിൻ്റെ മഹത്വം ഉയർത്തുന്ന വിധിയല്ല ഉണ്ടായത്. അപ്പീൽ പോകുമ്പോൾ ഇനിയും സത്യങ്ങൾ പലതും പുറത്തു വന്നേക്കാം. ചോദ്യങ്ങളിൽ പലതിലും ഉത്തരം കിട്ടാൻ ബാക്കിയാണ്. ഈ കുറ്റക്കാരെ തുണച്ചവരാരാണ് അവരെന്തു കൊണ്ടാണ് വെറുതെ പോകുന്നത് എന്നെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. നിയമത്തിൻ്റെ ഈ കൊറ്റി വൻ മീനുകളെ വെറുതെ വിടുകയും ചെറിയ മീനുകളെ പിടിക്കുകയും ചെയ്യുന്നതിൽ വ്യഗ്രത കൊണ്ടതിൽ ഉത്തരം കിട്ടിയേ തീരുവെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് എങ്ങനെ കോടതിക്ക് പുറത്തുപോയിയെന്നും മെമ്മറി കാർഡ് പലർക്കും കാണാൻ എങ്ങനെ അവസരം ഉണ്ടായെന്നും ബിനോയ് വിശ്വം ചോദിച്ചു. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്. നീതിക്ക് വേണ്ടിയുള്ള ഈ സമരത്തിൽ പെൺകുട്ടിക്കൊപ്പം കേരളത്തിലെ നീതി ബോധമുള്ള എല്ലാ മനുഷ്യരും ഒപ്പം നിൽക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, ഇത് ജനം പ്രതീക്ഷിച്ച ശിക്ഷയല്ലെന്ന് എ.എ. റഹീം എംപി പ്രതികരിച്ചു. മാതൃകാപരമായ ശിക്ഷ വരുമ്പോഴാണ് സമൂഹത്തിന് സന്ദേശം നൽകുന്നത്. വിധി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ ഇക്കാര്യത്തിൽ നിലപാട് പറഞ്ഞതാണെന്നും പ്രോസിക്യൂഷൻ പ്രവർത്തിച്ചത് മികച്ച നിലയിലാണെന്നും എ.എ. റഹീം വ്യക്തമാക്കി. പൾസർ സുനിക്ക് ബൊക്കെയുമായി പോയിരിക്കുകയാണ് അടൂർ പ്രകാശെന്നും എ.എ. റഹീം പരിഹസിച്ചു.
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള 6 പ്രതികൾക്ക് 376 ഡി പ്രകാരമാണ് 20 വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. എല്ലാ ശിക്ഷയും ഒരേ സമയം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എട്ട് വർഷം ജയിലിൽ കഴിഞ്ഞതിനാൽ, ഇനി പന്ത്രണ്ടര വർഷം മാത്രം തടവായിരിക്കും പൾസർ സുനിക്ക് തടവിൽ കിടക്കേണ്ടി വരിക.

