
ചേർത്തല: ഛത്തിസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചേർത്തല അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസഭ സന്ദർശിച്ച് മന്ത്രി പി. പ്രസാദ്. സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നവരോട് ഒരു ഭരണകൂടം എത്ര ഭീകരമായി പെരുമാറുന്നു എന്നതിന് തെളിവാണ് ഇതെന്ന് മന്ത്രി പറഞ്ഞു. ബിജെപിയുടെ കാപട്യം പുറത്തുവന്നു. ബിജെപി എപ്പോഴും വേട്ടക്കാര്‍ക്കൊപ്പമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം നടക്കുന്ന കിരാത നടപടിയാണിതെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
അതേസമയം, അനവധി പേരാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരണവുമായെത്തിയത്. കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രകടമായത് സംഘപരിവാറിൻ്റെ തനിസ്വഭാവമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞവർ സഹോദരങ്ങളെ വളഞ്ഞിട്ട് ആക്രമിക്കില്ലെന്ന് പാലക്കാട് ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രം ബിജെപിക്ക് താല്പര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളോടുള്ള സമീപനം തന്നെയാണ് ക്രിസ്ത്യാനികളോടുമെന്നായിരുന്നു കെ. മുരളീധരന്‍റെ പ്രതികരണം.
അതേസമയം, അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയ ഇടത് നേതാക്കളെ പൊലീസ് തടഞ്ഞു. സന്ദർശനസമയം അവസാനിച്ചുവെന്ന് പറഞ്ഞാണ് നേതാക്കളെ തടഞ്ഞത്.