കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. കോടതിവിധിയിൽ സംതൃപ്തനാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിധിയുടെ പൂർണ ഭാഗം ലഭിച്ചിട്ടില്ല. വിധിയുടെ പകർപ്പ് കിട്ടിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കും. നല്ല വിധിയായാണ് തോന്നുന്നത്. അന്വേഷണസംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണ് വിധിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചെന്ന് പി. രാജീവ് പറഞ്ഞു. ജഡ്ജിനും പ്രോസിക്യൂഷനും എതിരായിട്ടുള്ള സമൂഹമാധ്യമ പ്രതികരണങ്ങൾ തെറ്റാണ്. അതിജീവിതയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പ്രോസിക്യൂട്ടറെ ഉൾപ്പെടെ വച്ചത്. വിധിയോട് വിയോജിപ്പ് ഉണ്ടാകാം, വിധിന്യായത്തെ വിമർശിക്കാം. എന്നാൽ വിധി പറയുന്ന ന്യായാധിപർക്ക് നേരെയുള്ള വിമർശനത്തോട് യോജിക്കുന്നില്ല. 20 വർഷം ശിക്ഷാ കിട്ടിക്കഴിഞ്ഞാൽ സാധാരണ രീതിയിൽ പ്രോസിക്യൂഷന് വീഴ്ച ഉണ്ടെന്ന് ആരെങ്കിലും പറയുമോ എന്നും മന്ത്രി ചോദിച്ചു.
കേസിൽ ആറ് പ്രതികൾക്കും 20 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ സെൻസേഷനായ കേസാണിതെന്നും കോടതി സെൻസെഷൻ എന്ന നിലയ്ക്കല്ല വിധി പറയുന്നതെന്നും ജഡ്ജി വിധി പറയുന്നതിന് മുൻപായി പറഞ്ഞു. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം എന്ന വടിവാൾ സലീം, പ്രദീപ് എന്നീ ആറ് പ്രതികൾക്കുള്ള ശിക്ഷാവിധിയാണ് എറണാകുളം സെഷൻസ് കോടതി വിധിച്ചത്.
സ്ത്രീയുടെ അന്തസിനെ ഹനിച്ച കേസായിരുന്നു ഇതെന്നും, അതിജീവിതയെ മാനസിക ആഘാതത്തിലേക്ക് തള്ളിയിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രതികൾക്കും പ്രായം 40 വയസിനു താഴെയാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾ അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പീഡന ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥൻ്റെ കൈവശമാണ്. ഇരയുടെ സുരക്ഷ മാനിച്ച് അത് സൂക്ഷിക്കണംമെന്നും കോടതി നിർദേശിച്ചു.
ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് 376 ഡി വകുപ്പ് പ്രകാരമാണ് 20 വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. എല്ലാ ശിക്ഷയും ഒരേ സമയം അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. നേരത്തെ തടവിൽ കിടന്ന കാലപരിധി ശിക്ഷയിൽ ഇളവ് ചെയ്യും. ഇതനുസരിച്ച് പൾസർ സുനി ആദ്യം ജയിൽ മോചിതനാകും. എട്ട് വർഷം ജയിലിൽ കഴിഞ്ഞതിനാൽ, പന്ത്രണ്ടര വർഷം മാത്രം തടവായിരിക്കും പൾസർ സുനിക്ക് ലഭിക്കുക.