

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നിങ്ങളുടെ നാട്ടിലെ എംഎൽഎയുടെ പ്രകടനം ഇനി അനായാസമായി മാർക്കിടാം. അതിനായി ഒരു സൈറ്റിലേക്ക് കയറി നോക്കുക മാത്രമേ വേണ്ടൂ. ആ എംഎൽഎ നടത്തിയ മുഴുവൻ വിവരങ്ങളും നിങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാകും.
ഓരോ എംഎൽഎമാരും നടത്തുന്ന ഇടപെടലുകൾ എളുപ്പത്തിൽ മനസിലാക്കാൻ ജനങ്ങളെ സഹായിക്കുന്ന വെബ്സൈറ്റ് ശ്രദ്ധേയമാകുന്നു. അത്യേതി റിസർച്ചും സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷനും ചേർന്നാണ് ഈ പ്ലാറ്റ്ഫോം തയ്യാറാക്കിയത്. നിയമസഭയിലെ അംഗങ്ങളുടെ പ്രൊഫൈൽ, ഹാജർ വിവരങ്ങൾ, ഉന്നയിച്ച ചോദ്യങ്ങൾ, പങ്കെടുത്ത സംവാദങ്ങൾ, എംഎൽഎ ഫണ്ട് പദ്ധതികൾ എന്നിവ എളുപ്പത്തിൽ മനസിലാക്കാനാകും.
വിവിധ വിഷയങ്ങളിൽ നിങ്ങളുടെ നാട്ടിലെ എംഎൽഎ നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് കാണാനും, പ്രകടനം വ്യക്തിപരമായി വിലയിരുത്താനും ഒരു അവസരം കൂടി ഇതിലൂടെ ഒരുങ്ങും. ഇതിനായി www.mlatrack.com എന്ന വെബ്‌സൈറ്റ് ഉപയോഗിക്കാം.
ഇതുവരെ നടന്ന പതിനഞ്ച് സമ്മേളനങ്ങളിൽ 65,000ത്തിലധികം ചോദ്യങ്ങൾ (നക്ഷത്ര ചിഹ്നമുള്ളതും ഇല്ലാത്തതും) ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം ചോദ്യങ്ങൾ ചോദിച്ച എംഎൽഎമാരുണ്ട്. 85 ശതമാനത്തിലധികം ഹാജർ നിലനിർത്തി പല എംഎൽഎമാരും സഭാ പ്രവർത്തനങ്ങളിൽ പതിവായി പങ്കെടുത്തിട്ടുണ്ട്.
നൂറിലധികം സംവാദങ്ങളിലും ചർച്ചകളിലും പങ്കെടുത്ത ധാരാളം എംഎൽഎമാരുമുണ്ട്. പൊതുജനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും ഗവേഷകർക്കും എല്ലാം ഉപകരിക്കുന്നതാണ് വെബ്‌സൈറ്റ്.