kurtc jnnrum
കെയുആർടിസി ബസ്സുകൾSource: Aanavandi.com

കട്ടപ്പുറത്തിരുന്ന കെയുആര്‍ടിസി ജനറം എസി ബസ്സുകള്‍ക്ക് ശാപമോക്ഷം; 190ൽ 159ഉം നിരത്തിൽ സജീവം

എന്നാൽ കെയുആര്‍ടിസി നോണ്‍ എസി ലോ ഫ്ലോർ ബസ്സുകളിൽ പകുതിയും ഇപ്പോഴും നിരത്തിലേക്ക് തിരികെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് യാര്‍ഡുകളില്‍ കെട്ടികിടന്ന കെയുആര്‍ടിസി ജനറം ബസ്സുകള്‍ക്ക് ശാപമോക്ഷമാകുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി നിരവധി ബസ്സുകളാണ് കഴിഞ്ഞ ഒന്നര കൊല്ലം കൊണ്ട് നിരത്തിലിറങ്ങിയത്. 190 എസി ബസ്സുകളില്‍ 150 ന് മുകളില്‍ ബസ്സുകളും സര്‍വീസിലേക്ക് തിരികെയെത്തിയിട്ടുണ്ട്. എന്നാൽ കെയുആര്‍ടിസി നോണ്‍ എസി ലോ ഫ്ലോർ ബസ്സുകളിൽ പകുതിയും ഇപ്പോഴും നിരത്തിലേക്ക് തിരികെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തെ നഗരങ്ങളിലെ യാത്ര സൗകര്യങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയവയാണ് കെയുആര്‍ടിസി ലോ ഫ്ലോര്‍ ബസ്സുകള്‍. എന്നാൽ കൃത്യമായി അറ്റകുറ്റപ്പണി നടത്താതെയും സ്പെയർ പാർട്സുകളുടെ ലഭ്യത കുറവും ഭാരിച്ച അറ്റകുറ്റപ്പണി ചെലവും കാരണം ഭൂരിഭാഗം ബസുകളും കട്ടപ്പുറത്തായി. 2022 അവസാനമായപ്പോഴേക്കും കെയുആര്‍ടിസി ജനറം ബസ്സുകളില്‍ വലിയൊരു ശതമാനവും അറ്റകുറ്റപ്പണികള്‍ക്കായി യാർഡുകളില്‍ കയറ്റിയിട്ട അവസ്ഥയിലായിരുന്നു.

kurtc jnnrum
കേന്ദ്ര സർക്കാർ സർവീസിൽ മുസ്ലിം പ്രാതിനിധ്യം തീരെ കുറവ്, ഏറെയും ഹിന്ദു മുന്നാക്ക വിഭാഗങ്ങൾ; ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം

കോടിക്കണക്കിന് രൂപയുടെ ബസ്സുകള്‍ തുരുമ്പെടുത്ത് നശിക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തുകയും രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പക്ഷേ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് കെയുആര്‍ടിസിക്ക് കീഴില്‍ 720 ലോ ഫ്ലോർ ബസ്സുകളാണ് ആകെ നിരത്തിലിറങ്ങിയത്. അതില്‍ 190 ബസ്സുകള്‍ എസിയും 530 ബസ്സുകള്‍ നോണ്‍ എസി വിഭാഗത്തിലുമായിരുന്നു. ഈ വർഷം ജനുവരി മാസത്തെ കണക്ക് പ്രകാരം 190 എ സി ബസുകളിൽ 159 ബസുകളും സർവീസ് നടത്തുന്നുണ്ട്. ചില ബസുകളിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നുണ്ട്. 530 നോണ്‍ എസി ബസ്സുകളില്‍ 288 ബസ്സുകളുമാണ് നിരത്തിലുള്ളത്.

എസി - നോൺ എസി വിഭാഗങ്ങളിലായി സര്‍വീസ് നടത്താത്ത 273 ബസ്സുകളില്‍ 83 എണ്ണവും അറ്റകുറ്റപ്പണിക്കായി കയറ്റിയിട്ടിരിക്കുകയാണെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്. ബാക്കി 192 എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. അറ്റകുറ്റപ്പണിക്ക് ഭാരിച്ച ചെലവ് വരുന്നത് കണക്കിലെടുത്ത് 10 വര്‍ഷത്തിലേറെ പഴക്കമുള്ള ബസ്സുകളില്‍ ചിലത് ആക്രിവിലക്ക് വില്‍ക്കുവാന്‍ മുമ്പ് തീരുമാനിച്ചിരുന്നു. പക്ഷേ നിരത്തിലില്ലാത്ത എത്ര ബസ്സുകള്‍ ഇത്തരത്തില്‍ ആക്രി വിലക്ക് വില്‍പ്പന നടത്തിയിട്ടുണ്ട് എന്നത് വ്യക്തമല്ല. ബസ്സുകളില്‍ ചിലത് ഷോപ്പ് ഓണ്‍ വീലായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ വാങ്ങിയ എസി ബസ് ഒന്നിന് 78 ലക്ഷം രൂപയാണ് ചിലവായത്. ഇങ്ങനെ 80 ബസ്സുകള്‍ വാങ്ങി. രണ്ടാം ഘട്ടത്തില്‍ ബസ്സ് ഒന്നിന് 95 ലക്ഷം രൂപ ചിലവില്‍ 110 ബസ്സുകളും വാങ്ങി. 190 എസി ബസുകള്‍ നിരത്തിലിറക്കാന്‍ മാത്രം ആകെ ചിലവായത് 168 കോടിക്ക് മുകളില്‍ തുകയാണ്. നോൺ എസി ലോ ഫ്ലോര്‍ ബസ്സുകള്‍ വാങ്ങാന്‍ ചിലവാക്കിയ തുക സംബന്ധിച്ച കണക്കുകൾ ലഭ്യമായിട്ടില്ല.

kurtc jnnrum
മഞ്ഞപ്പിത്തപ്പേടിയിൽ കോട്ടയം മുണ്ടക്കയം മേഖല ; പുത്തൻചന്തയിൽ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമാണ് ബസുകൾ അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തില്‍ വേഗത കൈവന്നത്. അറ്റകുറ്റപ്പണിക്ക് ഭാരിച്ച ചിലവ് വരുന്ന ബസ്സുകളിലെ എഞ്ചിനും, മറ്റ് ഉപയോഗ യോഗ്യമായ പാര്‍ട്‌സും ഇളക്കിയെടുത്ത് പ്രവര്‍ത്തന യോഗ്യമാക്കാന്‍ കഴിയുന്ന ബസ്സുകള്‍ നിരത്തിലിറക്കാനുള്ള ശ്രമവും കെയുആര്‍ടിസി നടത്തുന്നുണ്ട്.

News Malayalam 24x7
newsmalayalam.com