വയനാട്: പുൽപ്പള്ളിയിൽ ബിജെപി-യുഡിഎഫ് ധാരണയിൽ ഇടഞ്ഞ് മുസ്ലീം ലീഗ്. ഇന്ന് നടക്കുന്ന ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ ലീഗ് തീരുമാനിച്ചു. വാർഡ് മെമ്പർ ലെസ്ന മുനീറിനോട് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം നൽകിയതായി നേതാക്കൾ അറിയിച്ചു.
ഒൻപത് സീറ്റുകളുള്ള എൽഡിഎഫ് ആണ് പുൽപ്പള്ളി പഞ്ചായത്തിലെ വലിയ ഒറ്റകക്ഷി.യുഡിഎഫിന് 8 സീറ്റുകൾ, ബിജെപിക്ക് 4 സീറ്റ് എന്നിങ്ങനെയാണ് ബാക്കി സീറ്റ് നില. എന്നാൽ ബിജെപിയുടെ വോട്ട് ഉൾപ്പെടെ 12 വോട്ടുകൾക്കാണ് സ്റ്റാൻഡിങ് കമ്മിറ്റി യുഡിഎഫ് പിടിച്ചെടുത്തത്. ഇന്നലെ രണ്ട് യുഡിഎഫ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ബിജെപി സഹായത്താൽ വിജയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മുസ്ലീം ലീഗ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചത്.
കോൺഗ്രസിനുള്ളിലും വിമർശനമുയരുന്നുണ്ട്. ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് പുൽപ്പള്ളിയിൽ കോൺഗ്രസ് സ്വീകരിച്ചതെന്ന് മുൻപഞ്ചായത്ത് പ്രസിഡന്റ് എം.ടി. കരുണാകരൻ പറഞ്ഞു.
അതേസമയം ബിജെപി-യുഡിഎഫ് ധാരണയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം പ്രതികരിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്തെത്തി. അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് ആണോ പുൽപ്പള്ളിയിൽ നടന്നത് എന്ന് വ്യക്തമാക്കണം. കഴിഞ്ഞ ദിവസം കോണൺഗ്രസ് ക്യാമ്പിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറിയാണ് പുൽപ്പള്ളിയിൽ ഇത്തരമൊരു ധാരണ ഉണ്ടാക്കിയതെന്നും കെ. റഫീഖ് ആരോപിച്ചു.