കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക. ചോദ്യം ചോദിക്കുന്നവരെ തീവ്രവാദിയാക്കി, കേരള തൊഗാഡിയ വിലസുന്നുവെന്നാണ് ലേഖനത്തിലെ വിമർശനം. മഹാരഥന്‍മാർ ഇരുന്ന സംഘടനയുടെ തലപ്പത്ത് ഇരുന്ന് വിഷം വമിപ്പിക്കുന്നത് സങ്കടകരമാണ്. സ്വർണ്ണക്കൊള്ളയില്‍ നിന്ന് ചർച്ചമാറ്റാനാണ് ഇപ്പോഴത്തെ നീക്കമെന്നും ചന്ദ്രികയുടെ വിമർശനം.
വെള്ളാപ്പള്ളി നടേശനെതിരായ കേസുകളില്‍ തുടർനടപടിയില്ലാത്തത് അന്തർധാരയുടെ ഭാഗമാണെന്നാണ് ചന്ദ്രികയിലെ വിമർശനം. വെള്ളാപ്പള്ളി വാ പോയ കോടാലിയാണെന്നും കേരളരാഷ്ട്രീയത്തില്‍ ഇത്തരക്കാർക്ക് പ്രസക്തിയില്ലെന്നും ലേഖനത്തിൽ പറയുന്നു. സമുദായത്തിന്റെ പേര് പറഞ്ഞാണ് ഇത്തരക്കാർ ഗീർവാണമടിക്കുന്നത്.
വർഗീയതയുടെ മണിമുഴക്കാന്‍ വെള്ളാപ്പള്ളി നടേശൻ വേഗം കൂട്ടിയത് 2024 മുതല്‍ക്കാണ്. പ്രസ്താവനയിൽ ചെറുവിരലനക്കാന്‍ പിണറായി സർക്കാർ തയ്യാറായിട്ടില്ല. രണ്ട് വള്ളത്തില്‍ കാലിടുന്ന നേതാവാണ് വെളളാപ്പളളി. പിണറായി സർക്കാർ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലെല്ലാം രക്ഷകനായി വെള്ളാപ്പള്ളി എത്തുമെന്നും വെള്ളാപ്പള്ളിക്കെതിരായ കേസുകളില്‍ തുടർനടപടിയില്ലാത്തത് അന്തർധാരയാണെന്നും ചന്ദ്രികയിലെ ലേഖനത്തിൽ പറയുന്നു.