തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വലിയ തിരിച്ചടി, മുങ്ങുന്ന കപ്പല്‍ എന്നിങ്ങനെയാണ് എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്തുന്നത്. എന്നാല്‍ അങ്ങനെ മുങ്ങുന്നതല്ല കപ്പല്‍ എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
58 നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുണ്ട് എന്ന കണക്ക് പുറത്തുവന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിയുന്ന രാഷ്ട്രീയ അടിത്തറ ഉണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എതിരില്ലാതെ ജയിച്ച വാര്‍ഡുകള്‍ ഉള്‍പ്പെട്ട ആന്തൂര്‍ മലപ്പട്ടം എന്നിങ്ങനെയുള്ള മണ്ഡലങ്ങള്‍ കൂട്ടിയാല്‍ കണക്ക് ഇനിയും മാറുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം മധ്യകേരളത്തിലേയും മലപ്പുറത്തേയും പരാജയത്തെക്കുറിച്ച് പഠിക്കും. മലപ്പുറത്ത് പത്ത് ലക്ഷം വോട്ട് ഇടതുമുന്നണിക്കുണ്ട്. ചെറിയ മാര്‍ജിനിലുള്ള മണ്ഡലങ്ങള്‍ ശ്രദ്ധിച്ചാല്‍ അടുത്ത തവണ മാറ്റമുണ്ടാകും. ജില്ലാ പഞ്ചായത്ത് വോട്ടിംഗ് നില കൂട്ടിയാല്‍ നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ട് കണക്ക് ഇതിലും അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സാമുദായിക വിഭാഗങ്ങളില്‍ നിന്നും താരതമ്യേന വോട്ട് കൂട്ടാന്‍ കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ട് കൂടുതല്‍ കിട്ടിയത് എല്‍ഡിഎഫിനാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 41 വാര്‍ഡുകളില്‍ യുഡിഎഫിന് ലഭിച്ചത് 1000 ല്‍ കുറവ് വോട്ട്
സൂക്ഷ്മതലത്തില്‍ പരിശോധിച്ചാല്‍ ബിജെപി കേരളത്തില്‍ മുന്നേറ്റമുണ്ടാക്കിയിട്ടില്ല. ക്ഷേത്ര നഗരങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കിയത് ഇടതുമുന്നണിയെന്നും ബിജെപി-യുഡിഎഫ് ഡീല്‍ ആണ് തിരുവനന്തപുരത്ത് ഉണ്ടായതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ബിജെപിയുമായി ഡീല്‍ ഉണ്ടാക്കുന്നത് സിപിഐഎം ആണെന്നുള്ള പ്രചാരണം വളരെ നിശബ്ദമായി യുഡിഎഫ് നടത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ പൊതുവായ ഇടപെടല്‍ യുഡിഎഫും ബിജെപിയും നടത്തി. സിപിഐഎം ഒരു കുതിരക്കച്ചവടത്തിന് ഇല്ല. കോണ്‍ഗ്രസുമായി ഒരു മുന്നണി ബന്ധവും ആലോചിക്കുന്നില്ല എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.