കൊച്ചി: സിപിഐഎമ്മിനെതിരെയുള്ള കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരുമെന്ന വി.ഡി. സതീശൻ്റെ മുന്നറിയിപ്പിന് മറുപടിയുമായ എം.വി. ഗോവിന്ദൻ. ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിലാണെന്നും സിപിഐഎമ്മിന് ഒരു ഭയവുമില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിനേക്കാൾ പ്രധാനപ്പെട്ട തെളിവുകൾ വന്നതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തത്. മുകേഷ് എംഎൽഎയുടെ കേസ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. ഇപ്പോൾ മുകേഷ് രാജി വെക്കേണ്ടതില്ല. കേസിന്റെ വിധി വരുമ്പോൾ ബാക്കി പറയാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരുമെന്നും സിപിഐഎം അധികം കളിക്കരുതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മുന്നറിയിപ്പ്. പലതും പുറത്തുവരാനുണ്ടെന്നും അതിന് തെരഞ്ഞെടുപ്പ് വരെ ഒന്നും കാത്തിരിക്കേണ്ടതില്ലെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു. ബിജെപിക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
എം.വി. ഗോവിന്ദന്റെ മകനെതിരായ ഗുരുതരാരോപണത്തിൽ സിപിഐഎമ്മിന് മറുപടിയില്ല. സിപിഐഎം നേതാക്കൾക്കും മന്ത്രിക്കും ഹവാല പണം നൽകിയെന്ന ആരോപണം ഗുരുതരമാണ്. അത് മറച്ചു വയ്ക്കാനാണ് ഈ വിഷയം ഉയർത്തിപ്പിടിക്കുന്നത്. റേപ്പ് കേസിൽ പ്രതിയായ സ്വന്തം എംഎൽഎയോട് രാജിവെക്കാൻ സിപിഐഎം ആവിശ്യപ്പെടണം. ലൈംഗിക അപവാദ കേസിൽ പ്രതികളായ എത്ര മന്ത്രിമാർ അവിടെയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ലൈംഗിക അപവാദ കേസ് പ്രതികളെ പോലും വച്ചുകൊണ്ടാണ് ഈ പ്രചരണം നടത്തുന്നത്. എം.വി. ഗോവിന്ദനെ രക്ഷിക്കാനും ഹവാല ഇടപാട് മറച്ചു പിടിക്കാനും ആണ് സിപിഐഎം ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു.