
കൊച്ചി: ദേശീയ സുരക്ഷ സംബന്ധിച്ച വിഷയം വരുമ്പോള്‍ തന്റെ മനസ്സില്‍ ആദ്യം വരിക രാജ്യമാണെന്ന് വ്യക്തമാക്കി ശശി തരൂര്‍. താന്‍ സംസാരിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ക്കു വേണ്ടി മാത്രമല്ല, എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയാണെന്നും കൊച്ചിയില്‍ ശശി തരൂര്‍ പറഞ്ഞു.
ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ചിലപ്പോള്‍ മറ്റ് പാര്‍ട്ടികളുമായി സഹകരിക്കേണ്ടി വരും. ഇത് സ്വന്തം പാര്‍ട്ടിയോടുള്ള വിധേയത്വമില്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. പക്ഷെ, തനിക്കെപ്പോഴും രാജ്യമാണ് പ്രധാനം.
മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ലക്ഷ്യം. പലരും തന്നെ വിമര്‍ശിക്കുന്നുണ്ട്. പക്ഷെ, താന്‍ ചെയ്തത് രാജ്യത്തിനു വേണ്ടിയുള്ള ശരിയായ കാര്യമാണ്. 'who lives if india dise' എന്ന നെഹ്‌റുവിന്റെ ഉദ്ധരണി ഓര്‍മിപ്പിച്ചാണ് തരൂരിന്റെ പ്രതികരണം.
അതേസമയം, കൊച്ചിയിലുണ്ടായിട്ടും തരൂരിനെ ബഹിഷ്‌കരിച്ച് എറണാകുളം ഡിസിസി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും പ്രഫഷനല്‍ കോണ്‍ഗ്രസിന്റെ ക്യാമ്പെയിനിലും തരൂരിന് ക്ഷണമില്ല. ഡിസിസി സംഘടിപ്പിക്കുന്ന സമര സംഗമത്തില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും അടക്കം പ്രധാനനേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. പ്രഫഷനല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനായിരുന്നു തരൂര്‍.
തരൂരിന്റെ തുടര്‍ച്ചയായുള്ള മോദി സ്തുതിയും ഇന്ദിരാ ഗാന്ധിയേയും അടിയന്തരാവസ്ഥയേയും വിമര്‍ശിച്ചുള്ള അഭിപ്രായങ്ങളാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. നേരത്തെ ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ 'ലെസണ്‍സ് ഫ്രം ഓപ്പറേഷന്‍ സിന്ദൂര്‍സ് ഗ്ലോബല്‍ ഔട്ട്‌റീച്ച്' എന്ന ലേഖനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രധാനമന്ത്രി മോദിയെയും തരൂര്‍ പ്രശംസിച്ചത്. പിന്നീട് ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലും തരൂര്‍ മോദി സ്തുതി ആവര്‍ത്തിച്ചു.
ബിജെപിയുമായി അടുക്കാനുള്ള ശശി തരൂരിന്റെ നീക്കമാണോ ഇതെന്ന് നേതൃത്വം സംശയിക്കുന്നുണ്ട്. അതിനാല്‍ തരൂരിന് ബിജെപിയിലേക്കുള്ള വഴി കോണ്‍ഗ്രസ് ആയി ഒരുക്കേണ്ടതില്ല എന്ന നിലപാടിലാണ് നേതൃത്വം.