യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ നീക്കിയിട്ട് ഒരു മാസം. ഇക്കാലമത്രയും സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഓൺലി ആയിരിക്കുകയാണ്. നിയമസഭ ചേരുന്ന സമയമായിട്ട് പോലും ഏതെങ്കിലും സമരം നയിക്കാനുള്ള ചർച്ചകൾക്ക് പോലും ഗ്രൂപ്പിൽ സാധ്യതയില്ല. സംസ്ഥാന അധ്യക്ഷനെ നിയമിക്കാനുള്ള നടപടികളും ഇഴയുകയാണ്.
ലൈംഗികാരോപണ വിവാദങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നേതൃസ്ഥാനത്ത് നിന്ന് നീക്കിയത് ഓഗസ്റ്റ് 21നാണ്. തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോരും തുടങ്ങി. രാഹുലിനെ പിന്നിൽ നിന്ന് കുത്തിയതാണെന്നും ഇതിനൊക്കെ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ഒരു കൂട്ടരുടെ പക്ഷം. ഗ്രൂപ്പിലെ പോര് മാധ്യമ വാർത്ത ആയതോടെ പോസ്റ്റിട്ടവർ അത് ഡിലീറ്റ് ചെയ്തു.
പിന്നാലെ ദേശീയ നേതൃത്വം ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കി. മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയുള്ള പോസ്റ്റ് മാത്രമാണ് അതിനുശേഷം ഗ്രൂപ്പിൽ വന്നത്.
നിയമസഭ ചേർന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെയുണ്ടായ കസ്റ്റഡി മർദനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ കത്തിക്കയറി. രണ്ട് എംഎൽഎമാർ സത്യഗ്രഹ സമരം ചെയ്തു. കെഎസ്‌യു സംസ്ഥാന കമ്മിറ്റി നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. പക്ഷേ യൂത്ത് കോൺഗ്രസിന് അനക്കമേ ഇല്ല. സംസ്ഥാന കമ്മിറ്റിയുടെ സമരം ആര് പ്രഖ്യാപിക്കും എന്നതാണ് കൺഫ്യൂഷൻ.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്ന രണ്ടുപേരടക്കം അഞ്ച് സംസ്ഥാന ഉപാധ്യക്ഷൻമാർ, 60ലധികം സംസ്ഥാന ജനറൽ സെക്രട്ടറിമാർ. അങ്ങനെ 183 ഭാരവാഹികൾ ഉള്ള സംസ്ഥാന കമ്മിറ്റിക്കാണ് സർക്കാരിനെതിരെ ഒരു സമരം പോലും നടത്താൻ ആകാതെ പോകുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ആകാതെ ദേശീയ നേതൃത്വവും പരുങ്ങലിലാണ്. ആരെ സംസ്ഥാന അധ്യക്ഷൻ ആക്കിയാലും ഒരുപിടി രാജിയുറപ്പ്. ഈ കാരണം തന്നെയാണ് പരുങ്ങലിന് പിന്നിൽ.
നിലവിലെ സംസ്ഥാന ഉപാധ്യക്ഷൻമാരായ അബിൻ വർക്കി, ഒ.ജെ. ജനീഷ്, സംഘടനയ്ക്ക് പുറത്തുനിന്നുള്ള കെ.എം. അഭിജിത്ത്, ബിനു ചുള്ളിയിൽ എന്നിവരുടെ പേരുകളാണ് സജീവമായി ഉയർന്നു കേൾക്കുന്നത്. അബിൻ വർക്കിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ സാമുദായിക പരിഗണന ആണ് തടസം. ചില മുതിർന്ന നേതാക്കളുടെ അഭിപ്രായം അബിനെ വെട്ടാനുള്ള കരുവാണ്. മറ്റൊരു സംസ്ഥാന ഉപാധ്യക്ഷനായ ഒ.ജെ. ജനീഷിന് ഷാഫി രാഹുൽ പക്ഷത്തിന്റെ പിന്തുണയുണ്ട്. എന്നാൽ മുതിർന്ന നേതാക്കൾക്കാവട്ടെ ആ നീക്കത്തോട് എതിർപ്പുകളുമുണ്ട്.
സംഘടനയ്ക്ക് പുറത്തുനിന്നുള്ള കെ.എം. അഭിജിത്തിനെ കൊണ്ടുവരണമെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം ശഠിക്കുന്നുണ്ട്. എന്നാൽ കോഴിക്കോട് നിന്ന് തന്നെ എതിരഭിപ്രായവും ഉയരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാത്ത ഒരാളെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവന്നാൽ അത് അംഗീകരിക്കേണ്ട എന്നാണ് യൂത്ത് കോൺഗ്രസിലെ ഭൂരിഭാഗത്തിന്റെയും വികാരം. പരിഗണയിൽ ഉള്ള കെസി പക്ഷക്കാരനായ ബിനു ചുള്ളിയിലിന് പ്രായം ഒരു പ്രശ്‌നമാണ്. മാത്രവുമല്ല ബിനുവിനെ കൊണ്ടുവന്നാൽ സ്വന്തം ജില്ലയിൽ നിന്ന് തന്നെ രാജി തുടങ്ങുമെന്ന ആശങ്കയുമുണ്ട്.