

ആലപ്പുഴ: അവയവക്കടത്ത് കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. പുന്നമട സ്വദേശി മറയൂര്‍ ഡെബിന്‍ ജോസഫിനെയാണ് അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തത്. നജീബിൻ്റെ താവളത്തില്‍ നിന്ന് ലഭിച്ച നിര്‍ണായക രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വൃക്ക ആവശ്യക്കാരെയും അവയവം നല്‍കാന്‍ തയാറാകുന്ന ഇരകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണ് ഇയാൾ എന്ന് സംശയിക്കുന്നു.കേസില്‍ ഇതുവരെ പത്തോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസിൽ കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഇരകളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
കോടികളുടെ ഇടപാടുകൾ നടന്നു എന്നാണ് പ്രാഥമിക നിഗമനം. അവയവദാനം നടത്താൻ ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ല എന്ന് മുഖ്യപ്രതി നജീബ് മൊഴി നൽകി. നജീബ് വിവിധ കേസുകളിൽ കർണാടകയിൽ ഉൾപ്പെടെ പ്രതിയാണ്. അവയവദാനത്തിനായി വ്യാജരേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ പിടികൂടാൻ സഹായിച്ചത് മൂന്നാം ഭാര്യ റഷീദയാണ്.
കേസിൽ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന വ്യവസ്ഥയിലാണ് റഷീദ നിർണായക വിവരങ്ങളും തെളിവുകളും കൈമാറിയത്. നജീബിനെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.