

കൊച്ചി: അവയവദാന കച്ചവടത്തിന് വ്യാജ രേഖ നിർമിച്ച കേസിൽ കൊച്ചി സിറ്റി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും. അമ്പലമേട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനാണ് പ്രത്യേക സംഘം. കേസിൽ കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഇരകളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
അന്വേഷണം എകോപിപ്പിക്കാൻ അന്വേഷണത്തിന് സംസ്സ്ഥാനതലത്തിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന കോഡിനേഷൻ ടീം ഉണ്ടാകും. കൊച്ചി സിറ്റി പോലീസ് പരിധിയിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ആശുപത്രികളിൽ നടന്ന ശസ്ത്രക്രിയകൾ നിയമാനുസൃതമാണോ എന്നുള്ള പരിശോധനയും നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.
കോടികളുടെ ഇടപാടുകൾ നടന്നു എന്നാണ് പ്രാഥമിക നിഗമനം. അവയവദാനം നടത്താൻ ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ല എന്ന് മുഖ്യപ്രതി നജീബ് മൊഴി നൽകി. പ്രതി നജീബിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു. നജീബ് വിവിധ കേസുകളിൽ കർണാടകയിൽ ഉൾപ്പെടെ പ്രതിയാണ്. അവയവദാനത്തിനായി വ്യാജരേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ പിടികൂടാൻ സഹായിച്ചത് മൂന്നാം ഭാര്യ റഷീദയാണ്. കേസിൽ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന വ്യവസ്ഥയിലാണ് റഷീദ നിർണായക വിവരങ്ങളും തെളിവുകളും കൈമാറിയത്. നജീബിനെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ നേരത്തെ പുറത്തിറക്കുകയും തെരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ ടൂറിസത്തിൻ്റെ മറവില്‍ നജീബ് വിദേശയാത്ര നടത്തിയതിൻ്റെ തെളിവ് അടക്കം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ ഇയാളുടെ അന്താരാഷ്ട്ര ബന്ധത്തിലടക്കം അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ഇരകളെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് നജീബ് പിടിയിലാകുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ആശുപത്രിയില്‍ വച്ച് വടക്കേക്കര സ്വദേശിക്ക് അവയവദാനം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അവയവക്കച്ചവട റാക്കറ്റുമായി ആശുപത്രിക്കുള്ള ബന്ധത്തിലാണ് അന്വേഷണം നടക്കുന്നത്. അവയവം ദാനം ചെയ്തയാളെയും പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. ഡോക്ടര്‍മാരുടെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നതിലും പരിശോധന നടത്തിവരികയാണ്.
ജഡ്ജിമാരുടെ പേരിലും വ്യാജ രേഖകള്‍ ചമച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ ടൂറിസത്തിൻ്റെ മറവിലാണ് തട്ടിപ്പെന്നും ആരോപണമുണ്ട്. കല്ലത്രസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് അവയവ ദാന തട്ടിപ്പ് നടന്നിരുന്നത്. വ്യാജ രേഖ ഉണ്ടാക്കിയെന്ന കേസില്‍ ഫോട്ടോസ്റ്റാറ്റ് കടയുടെ നടത്തിപ്പുകാരായ സണ്ണി വര്‍ഗീസ്, സിനി സണ്ണി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.