

തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം വർധിപ്പിക്കാൻ ശുപാർശ. 1000 മുതൽ 1500 രൂപ വരെ വർധിപ്പിക്കാനാണ് സർക്കാർ നിയോഗിച്ച ഹരിത വി. കുമാർ കമ്മിറ്റി ശുപാർശ ചെയ്തത്. 10 വർഷം പൂർത്തിയാക്കിയ ആശമാർക്ക് 1500 രൂപയും അല്ലാത്തവർക്ക് 1000 രൂപ വീതം വര്‍ധിപ്പിക്കാനുമാണ് ശുപാര്‍ശ. ഓണറേറിയവും മറ്റു ആനുകൂല്യങ്ങളും പത്താം തീയതിക്കുള്ളിൽ ലഭ്യമാക്കണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ഓണറേറിയം വർധനയെക്കുറിച്ച് പഠിക്കാനായി ആറു മാസം മുമ്പാണ് ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നില്ല. തുടര്‍ന്ന് വിവരാവകാശ പ്രകാരം അപേക്ഷിച്ചതോടെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്. എല്ലാ മാസവും 10ാം തീയതിക്കുള്ളില്‍ ഓണറേറിയം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ വിരമിക്കൽ ആനുകൂല്യത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശില്ല. ഒരു മാസം മുമ്പ് നൽകിയ റിപ്പോർട്ടിൽ ഇതുവരെയും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നാണ് സമരം ചെയ്തുകൊണ്ടിരുന്ന ആശ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് നിരാശജനകമാണെന്നും ആശമാർ ഉന്നയിച്ച ആവശ്യങ്ങൾ കമ്മിറ്റി പരിഗണിച്ചില്ലെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആരോപിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 22ന് ക്ലിഫ് ഹൗസിലേക്ക് ആശമാർ മാർച്ച് സംഘടിപ്പിക്കും. സംസ്ഥാനത്തു നിന്നുള്ള ആശമാരെ അണിനിരത്തി ഇതുവരെ കണ്ടിട്ടില്ലാത്ത സമരത്തിനാണ് തയ്യാറെടുക്കുന്നതെന്നും സമരക്കാര്‍ പറഞ്ഞു.